പൂക്കുലയും പഴക്കുലയും നോട്ടുമാലയും നൽകി റോബിൻ ബസിന് പത്തനംതിട്ടയിൽ വൻ സ്വീകരണമാണ് ഒരു സംഘം നാട്ടുകാർ നൽകിയത്. 

പത്തനംതിട്ട : റോബിൻ ബസ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. അഞ്ച് മണിക്ക് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന ബസ്, തകരാർ കണ്ടതിനെ തുടർന്ന് വർക്ക്‌ഷോപ്പിൽ കയറ്റിയതിനാൽ വൈകിയാണ് പുറപ്പെട്ടത്. പൂക്കുലയും പഴക്കുലയും നോട്ടുമാലയും നൽകി റോബിൻ ബസിന് പത്തനംതിട്ടയിൽ വൻ സ്വീകരണമാണ് ഒരു സംഘം നാട്ടുകാർ നൽകിയത്. തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് ഇന്നലെയാണ് വിട്ടുനല്‍കിയത്. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാൻ അധികൃതര്‍ തീരുമാനിച്ചത്. പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. കോയമ്പത്തൂർ സെൻട്രൽ ആര്‍ടിഒയുടെതാണ് നടപടി. 

പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ ബസ് വാളയാര്‍ അതിര്‍ത്തി കടന്നപ്പോഴാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ബസ് യാത്രക്കാർ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ ഗാന്ധിപുരം സെൻട്രൽ ഓഫീസിലേക്ക് മാറ്റുകയും ചെയ്തു. ബസിലെ യാത്രക്കാരെ അന്ന് രാത്രിയോടെ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു. വാളയാർ അതിർത്തി വരെ തമിഴ്നാട് ആർടിസി ബസിലും ഇതിന് ശേഷം ബസുടമ ഏർപ്പാട് ചെയ്ത വാഹനത്തിലുമാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. 

അതേ സമയം, മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി രണ്ടാഴ്ചകൂടി നീട്ടി. ബസ് ഉടമയുടെ അഭിഭാഷകൻ മരിച്ച സഹാചര്യത്തിൽ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്താണ് തീരുമാനം. റോബിൻ ബസ് നിയമ ലംഘനങ്ങൾ തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമലംഘനത്തിന് തമിഴ്നാട് സർക്കാർ നടപടിയെുത്തതായി പത്രങ്ങളിലൂടെ അറിഞ്ഞെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. 

YouTube video player