
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ അബിൻ വർക്കി മത്സര രംഗത്ത്. എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തുമ്പോൾ ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി എത്തുന്നത് അബിൻ വർക്കിയാണ്. അബിൻ വർക്കിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇന്ന് അന്തിമമായ തീരുമാനം ഉണ്ടാവും. നോമിനേഷൻ കൊടുക്കേണ്ട അവസാന തിയ്യതി ഇന്നാണ്. അതേസമയം, ചാനലുകളിൽ പാർട്ടിക്ക് വേണ്ടി വാദിക്കുന്നവർ സംഘടനയിൽ ഏറ്റുമുട്ടുന്നുവെന്ന വിശകലനങ്ങളും ഉയരുന്നുണ്ട്.
നേരത്തെ, കെസി വേണുഗോപാൽ പക്ഷത്തിൽ നിന്ന് ബിനു ചുള്ളിയിൽ നോമിനേഷൻ കൊടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എ,ഐ ഗ്രൂപ്പുകൾ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ ബിനു ചുള്ളിയിൽ പിൻവാങ്ങുകയായിരുന്നു. ഇത് വലിയ രീതിയിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് പിൻമാറ്റമുണ്ടായത്.
ഷാഫി പറമ്പില്‍ മുന്നോട്ടുവച്ച രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണയ്ക്കാന്‍ എ ഗ്രൂപ്പ് നേതൃത്വം ആദ്യം തയ്യാറായിരുന്നില്ല. വിഡി സതീശനോട് അടുപ്പം പുലര്‍ത്തുന്ന യുവജനനേതാവാണ് എന്നതിലാണ് എ ഗ്രൂപ്പിന് അതൃപ്തിയുണ്ടായിരുന്നത്. നീണ്ട ചർച്ചകൾക്കൊടുവിലാണ് മാങ്കൂട്ടത്തിന്റെ പേരിലേക്കെത്തുന്നത്. ഐ ഗ്രൂപ്പിന്റെ അബിന്‍ വര്‍ക്കിക്ക് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ കൂടി പിന്തുണ ഐ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുണ്ട്. മത്സരം ഉറപ്പായ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ശക്തിപ്രകടനമാവും യൂത്തുകോണ്‍ഗ്രസ് പുനസംഘടനയില്‍ തെളിഞ്ഞുകാണുക. പുതിയ സാഹചര്യത്തില്‍, മാറിമറിഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ആര്‍ക്ക് വിജയമെന്നത് പ്രവചിക്കുകയും പ്രയാസമാണ്.