
തൃശൂർ: മകന്റെ മരണത്തിൽ സംശയങ്ങളുമായി റിയാദിൽ കൊല്ലപ്പെട്ട അഷ്റഫിന്റെ പിതാവ് ഇസ്മയിൽ. മകൻ്റെ മരണം എങ്ങനെയെന്ന് അറിയില്ലെന്ന് ഇസ്മയിൽ പറഞ്ഞു. മകന്റെ മരണത്തിൽ പലരും പറഞ്ഞുള്ള അറിവേയുള്ളൂ. എന്നാൽ എന്താണുണ്ടായതെന്ന് അറിയണമെന്നും പിതാവ് ഇസ്മയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജോലി ചെയ്യുന്ന വീടിനോട് ചേർന്ന പാർക്കിലിരിക്കുമ്പോഴാണ് കുത്തേറ്റത്. കൈയ്യിൽ ശമ്പളം കിട്ടിയ പണമുണ്ടായിരുന്നു. സഹോദരിക്കും ഭർത്താവിനും ഇതുവരെ മൃതദേഹം കാണാനായിട്ടില്ല. രണ്ടു പേരും ദമാമിലുണ്ടെന്നും ഇസ്മായിൽ പറഞ്ഞു. അഷ്റഫിൻ്റെ ഖബറടക്കം അവിടെത്തന്നെ നടത്തുമെന്നും പിതാവ് കൂട്ടിച്ചേർത്തു.
മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് തൃശ്ശൂർ സ്വദേശി സൗദി അറേബ്യയില്‍ കള്ളന്മാരുടെ കുത്തേറ്റ് മരിച്ചത്. സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന തൃശൂർ പേരിങ്ങോട്ട് കര സ്വദേശി കാരിപ്പം കുളം അഷ്റഫ് (43 വയസ്സ്) ആണ് മരണപ്പെട്ടത്. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഉമ്മുൽ ഹമാം സെക്ടർ അംഗമാണ് കൊല്ലപ്പെട്ട അഷ്റഫ്.
എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു ആക്രമണം നടന്നത്. കുത്തേറ്റ അഷ്‌റഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ സൗദി ജർമ്മൻ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. ഭാര്യ - ഷഹാന. പിതാവ് - ഇസ്മയിൽ. മാതാവ് - സുഹറ. സഹോദരൻ - ഷനാബ്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി ഐ.സി.എഫ് സെൻട്രൽ കമ്മറ്റി വെൽഫെയർ സമിതി ഭാരവാഹികളായ ഇബ്രാഹിം കരീം, റസാഖ് വയൽക്കര എന്നിവരുടെ നേത്യത്വത്തിൽ ഐ.സി.എഫ് സഫ്‌വ വളണ്ടിയർമാർ രംഗത്തുണ്ട്.
മണ്ണിടിഞ്ഞ് കിണറ്റിൽ വീണ 64കാരൻ മരിച്ചു, ഭാര്യയെ രക്ഷിച്ചു; അപകടം ചേർപ്പിൽ
.