
തൃശൂർ: നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരമായി കിട്ടിയ 515 രൂപയും അതിനൊപ്പം ഫ്രീയായി അണ്ടിപരിപ്പും മുഖ്യമന്ത്രിക്ക് പാഴ്സൽ അയച്ച് യൂത്ത് കോൺഗ്രസ്. തൃശൂരിലെ വലപ്പാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് വ്യത്യസ്തമായ സമരം നടത്തിയത്. പേരാവൂർ നിയോജക മണ്ഡലത്തിലെ ഇരട്ടി കിളിയന്തറ സ്വദേശിയായ കർഷകൻ 4 ലക്ഷം സഹകരണ ബാങ്കിൽ കട ബാധ്യത വന്നപ്പോൾ നവകേരള സദസിൽ പരാതി നൽകിയിരുന്നു. 515 രൂപ കുറച്ച് ബാക്കി പൈസ തിരിച്ച് അടക്കണം എന്നതായിരുന്നു കൊടുത്ത പരാതിക്ക് ബാങ്ക് നൽകിയ മറുപടി.
സാധാരണക്കാരനായ ഒരാൾ പണിക്ക് പോയാൽ അതിൽ കൂടുതൽ പൈസ കിട്ടുമെന്നിരിക്കേ നവ കേരള സദസിൽ പറഞ്ഞ
വാഗ്ദാനങ്ങളിൽ നിന്നും മുഖ്യമന്ത്രി പിന്നോട്ട് പോയതിന്റെ ഉദാഹരണമാണിതെന്ന് പറഞ്ഞുകൊണ്ടാണ് യൂത്ത് കോൺഗ്രസ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. മുഖ്യമന്ത്രിക്ക് ആ 515 രൂപ തിരിച്ച് അയച്ച് പ്രതിഷേധിച്ചതിനൊപ്പം കഴിക്കാൻ അണ്ടിപരിപ്പും പാഴ്സലായി അയച്ചിട്ടുണ്ടെന്നാണ് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പറയുന്നത്.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ആണ് വ്യത്യസ്തമായ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. വലപ്പാട് മണ്ഡലം പ്രസിഡണ്ട് സുജിൻ കരിപ്പായി അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് കോൺഗ്രസ് ജില്ല പ്രസിഡണ്ട് അശ്വിൻ ആലപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ബിനോയ് ലാൽ നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ. എ വി യദുകൃഷ്ണൻ , പഞ്ചായത്ത് മെമ്പർ അജ്മൽ ഷെരീഫ്, കോൺഗ്രസ് നേതാക്കളായ സുമേഷ് പാനാട്ടിൽ ജോസ് താടിക്കാരൻ , കെ എച്ച് കബീർ, ഫിറോസ് വി എ , സന്തോഷ് പി എസ് , സചിത്രൻ തയ്യിൽ, പ്രസാദ് നാട്ടിക , അൻഫർ പുതിയ വീട്ടിൽ രജിത്ത് രവി എന്നിവർ സംസാരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam