
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരത്തിനൊരുങ്ങുന്നു. കരമനയില്‍ ഷൈന്‍ലാലിനെ അനുകൂലിക്കുന്നവരുടെ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. സംഘടനാതലത്തിലെ അവഗണനയില്‍ പ്രതിഷേധിച്ചാണ് മത്സരത്തിനിറങ്ങുന്നതെന്നാണ് ഷൈനിന്‍റെ വിശദീകരണം.
സംഘടനാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തക്ക് ഷൈന്‍ മത്സരിച്ചിരുന്നു. ഗ്രൂപ്പിന്‍റെ അതിപ്രസരം കാരണം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സ്ഥാനം എന്ന ഉപാധിയിലായിരുന്നു അത്. എന്നാല്‍ സെക്രട്ടറിയായിട്ടും പാര്‍ട്ടി തലങ്ങളില്‍ പരിഗണന കിട്ടുന്നില്ല, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷൈനിന്‍റെ രാജി.
കരമനയില്‍ ഷൈനിന്‍റെ നേതൃത്വത്തില്‍ നടത്തിയ അനുഭാവികളുടെയും സുഹൃത്തുക്കളുടേയും യോഗത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. എന്നാല്‍ കോണ്‍ഗ്രസിന്‍റെയോ യൂത്ത് കോണ്‍ഗ്രസിന്‍റെയോ പ്രാദേശിക ഘടകങ്ങളില്‍ അംഗത്വമുള്ളവരാരും യോഗത്തിലുണ്ടായിരുന്നില്ല.