
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറന്മുള സ്വദേശി സിബിൻ ജോൺസണെയാണ് തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനങ്ങളിലെ പല ഭാഗങ്ങൾ എഡിറ്റ് ചെയ്ത് തെറ്റിധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. ബുധനാഴ്ചയാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആറന്മുള പൊലീസിന്റെ സഹായത്തോടെയാണ് ഇന്ന് സിബിനെ പിടികൂടിയത്. ഇയാളെ ആറന്മുളയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
കൊല്ലത്ത് മുഖ്യമന്ത്രിക്ക് ആറിടത്ത് കരിങ്കൊടി, 33 പേർ കസ്റ്റഡിയിൽ; 6 പേർക്ക് കരുതൽ തടങ്കൽ
അതിനിടെ, കൊല്ലത്ത് പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമുണ്ടായി. ആറിടങ്ങളിലയിരുന്നു കരിങ്കൊടി പ്രതിഷേധം. 33 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ജില്ലയിൽ രണ്ട് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. ഉച്ച മുതൽ തന്നെ ജില്ലയിൽ വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ഉച്ചയോടെ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചവറയിലും പോളായത്തോട് നിന്നുമായി കരുതൽ തടങ്കലിലാക്കി. പൊലീസിന്റെ കനത്ത സുരക്ഷ മറികടന്നാണ് യുവജന സംഘടനകൾ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പാരിപ്പള്ളിയിൽ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. കൊട്ടിയത്തും , മാടൻനടയിലും യൂത്ത് കോൺഗ്രസ്, ആർ വൈ എഫ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. ചിന്നക്കടയിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധം നടത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച 33 പേരെയാണ് കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam