
പത്തനംതിട്ട: പത്തനംതിട്ടയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രതിഷേധമുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ, മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടിയെന്നാണ് പൊലീസ് ഭാഷ്യം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ഉൾപ്പെടെ തടങ്കലിലാണ്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയത്. മന്ത്രിയുടെ പരിപാടികൾക്ക് തടസ്സമുണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ മന്ത്രിമാർക്ക് നേരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകരുതൽ എന്ന നിലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടങ്കലിലാക്കിയത്.