'കോൺഗ്രസ് പ്രതിപക്ഷത്ത്, ഇപ്പോൾ വല്ലതും കിട്ടണമെങ്കിൽ മോദിയെ സ്തുതിക്കണം, ഇന്ദിരയെ വിമർശിക്കണം, വിശ്വ പൗരന്‍റെ ആദർശം കൊള്ളാം', പരിഹസിച്ച് പിജെ കുര്യൻ

Published : Jul 13, 2025, 03:36 PM ISTUpdated : Jul 13, 2025, 03:37 PM IST
pj kurien

Synopsis

ശശി തരൂരിന്‍റെ മോദി സ്തുതിയും അടിയന്തരാവസ്ഥ വിമർശനവും പരിഹസിച്ച് പി ജെ കുര്യൻ. കോൺഗ്രസ് മന്ത്രിയായിരിക്കെ എന്തുകൊണ്ട് ഈ നിലപാട് പറഞ്ഞില്ലെന്ന് കുര്യന്‍റെ ചോദ്യം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചുള്ള അഭിപ്രായങ്ങളിലും അടിയന്തരാവസ്ഥയെ വിമർശിച്ചുള്ള നിലപാടിലും ശശി തരൂരിനെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ രംഗത്ത്. അടിയന്തരാവസ്ഥയെക്കുറിച്ച് ഇപ്പോൾ പറയുന്നതാണ് അഭിപ്രായമെങ്കിൽ എന്തിനാണ് കോണഗ്രസിൽ ചേർന്നതെന്ന് കുര്യൻ ചോദിച്ചു. കോൺഗ്രസ് മന്ത്രിയായി പ്രവർത്തിക്കുന്ന ഘട്ടത്തിൽ ഇന്നത്തെ അഭിപ്രായം എന്തുകൊണ്ട് കമ്മിറ്റികളിൽ പോലും പറഞ്ഞില്ല.കോൺഗ്രസ്‌ അന്ന് ഭരിക്കുന്ന പാർട്ടിയായിരുന്നു. കോൺഗ്രസിനോട് ചേർന്ന് നിന്നാൽ അധികാരത്തിന്റെ അപ്പ കഷ്ണങ്ങൾ ലഭിക്കുമായിരുന്നു എന്നതുകൊണ്ടാണ് തരൂർ മിണ്ടാതിരുന്നതെന്നും കുര്യൻ ചൂണ്ടിക്കാട്ടി. ഇന്ന് കോൺഗ്രസ്‌ പ്രതിപക്ഷത്തും മോദി അധികാരത്തിലുമാണ്. ഇപ്പോൾ വല്ലതും കിട്ടണമെങ്കിൽ മോദിയെ സ്തുതിക്കണം, ഇന്ദിരയെ വിമർശിക്കണം എന്നതാണ് വിശ്വപൗരന്‍റെ ആദർശമെന്നും കുര്യൻ പരിഹസിച്ചു.

പി ജെ കുര്യന്‍റെ കുറിപ്പ്

ശ്രീ ശശി തരൂർ

അടിയന്തിരാവസ്‌ഥ സംബന്ധിച്ച് ഏത് അഭിപ്രായം വച്ചു പുലർത്തുവാനും അത് പ്രകടിപ്പിക്കുവാനും ഒരു വ്യക്തി എന്ന നിലയിൽ ശ്രീ. ശശി തരൂരിന് എല്ലാ അവകാശങ്ങളുമുണ്ട്. ഇപ്പോൾ അദ്ദേഹം ശ്രീമതി ഇന്ദിരഗാന്ധിയെയും അടിയന്തിരാവസ്ഥയെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നു. ഇത്രയും രൂക്ഷമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെങ്കിൽ അദ്ദേഹം കോൺഗ്രസ്സിൽ എന്തിന് ചേർന്നു? കോൺഗ്രസ്സിന്റെ എംപി യായും മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. അന്ന് എന്തുകൊണ്ട് ഈ അഭിപ്രായം കമ്മറ്റികളിൽ പോലും പറഞ്ഞില്ല. കാരണം വ്യക്തം. കോൺഗ്രസ്‌ അന്ന് ഭരിക്കുന്ന പാർട്ടിയായിരുന്നു. കോൺഗ്രസിനോട് ചേർന്ന് നിന്നാൽ അധികാരത്തിന്റെ അപ്പ കഷ്ണങ്ങൾ ലഭിക്കും. ഇന്ന് സ്ഥിതി മറിച്ചാണ്. കോൺഗ്രസ്‌ പ്രതിപക്ഷത്തും ശ്രീ നരേന്ദ്ര മോദി അധികാരത്തിലുമാണ്. ഇപ്പോൾ വല്ലതും കിട്ടണമെങ്കിൽ മോദിയെ സ്തുതിക്കണം. ശ്രീമതി ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ്സിനെയും അധിക്ഷേപിക്കണം. വിശ്വ പൗരന്റെ രാഷ്ട്രീയ നിലവാരവും ആദർശവും കൊള്ളാം. നല്ല മാതൃക തന്നെ.

നേരത്തെ രാജ് മോഹൻ ഉണ്ണിത്താനും തരൂരിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി ശശി തരൂരിന്‍റെ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം സ്വയം പുറത്തു പോകട്ടെ എന്ന കോൺഗ്രസ് ഹൈക്കമാന്‍റെ നിലപാട് സുത്യര്‍ഹമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഈയിടെ ശശി തരൂര്‍ സ്വയം നടത്തിയ സർവേയിലൂടെ മുഖ്യമന്ത്രി സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. ഒരു വിശ്വപൗരൻ കേരളം പോലുള്ള ഒരു ഇട്ടാവട്ടത്ത് തായം കളിക്കുന്ന രഹസ്യമാണ് മനസ്സിലാകാത്തത്. സർവേയിലെ വിശ്വാസ്വത സംബന്ധിച്ച് എല്ലാം എല്ലാവര്‍ക്കും അറിയാം. പൂച്ച കണ്ണടച്ചു പാലുകുടിക്കുമ്പോൾ ആരും അറിയുന്നില്ലെന്നാണ് വിശ്വാസമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു. കോൺഗ്രസ് പാർട്ടിയെ കൊണ്ട് അദ്ദേഹത്തിന് ആകാവുന്നതെല്ലാമായി. സ്ഥാനമാനങ്ങൾ നോട്ടമിട്ടാണ് തരൂരിന്‍റെ കളി. എന്തെങ്കിലും ആദർശത്തിന്‍റെ പേരിലല്ല മറുഭാഗത്തേക്ക് പോകാൻ ശ്രമിക്കുന്നതെന്നും രാജ് മോഹൻ വിമർശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഒന്നാം സമ്മാനം വീട്, രണ്ടാം സമ്മാനം ഥാർ'; കടം തീർക്കാൻ വീട് സമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ പുറത്തിറക്കിയ മുൻ പ്രവാസി അറസ്റ്റിൽ
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി, മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു