ഇപിക്കെതിരായ വധശ്രമക്കേസ്: യൂത്ത് കോണ്‍ഗ്രസുകാർ നാളെ കൊല്ലത്ത് മൊഴി നൽകും,യാത്രക്ക് സംരക്ഷണം വേണമെന്നാവശ്യം

Published : Aug 23, 2022, 09:24 AM IST
ഇപിക്കെതിരായ വധശ്രമക്കേസ്:  യൂത്ത് കോണ്‍ഗ്രസുകാർ നാളെ കൊല്ലത്ത് മൊഴി നൽകും,യാത്രക്ക് സംരക്ഷണം വേണമെന്നാവശ്യം

Synopsis

ഫർസിൻ മജീദും നവിൻ കുമാറും ആണ് മൊഴി നൽകുക

കൊല്ലം : ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജനെതിരായ വധശ്രമക്കേസിൽ പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നാളെ മൊഴി നൽകും. ഫർസിൻ മജീദും നവിൻ കുമാറും ആണ് മൊഴി നൽകുക . കൊല്ലം പോലീസ് ക്ലബിൽ വെച്ച് ആണ് മൊഴി നൽകുക. യാത്രയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇരുവരും ഡി.ജി.പിക്ക് അപേക്ഷ നൽകി

നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ രണ്ട് തവണ വലിയതുറ പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധികളിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയുളളതിനാൽ ഹാജരാകൻ കഴിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസുകാർ മറുപടി നൽകിയിരുന്നു

ഇപി ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൊഴി രേഖപ്പെടുത്താനായി വിളിച്ചുവരുത്തിയത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. 

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയാണ് ഇപിക്ക് തിരിച്ചടിയായത്. ഇവർക്കെതിരായാണ് ഇപി ജയരാജന്റെയും മറ്റും പരാതി. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം സുനീഷും ഗൺമാൻ അനിൽകുമാറും ചേർന്ന് മർദ്ദിച്ചുവെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് ഇപിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഡാലോചന, വധശ്രമം, മനപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സംഭവമുണ്ടായതിന് പിന്നാലെ അനിൽകുമാറിൻറെ പരാതിയിൽ യൂത്ത് കോൺഗ്രസ്സുകാർക്കെതിരെ മാത്രമായിരുന്നു പൊലീസ് കേസ്. ഇപിക്കെതിരെയും കേസെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം പൊലീസ് തള്ളുകയായിരുന്നു.

അനിൽകുമാർ ഔദ്യോഗിക കൃത്യനിർവ്വഹണമാണ് നടത്തിയതെന്നായിരുന്നു വാദം. സദുദ്ദേശത്തോടെ പ്രതിഷേധക്കാരെ നേരിട്ട ഇപി തന്നെ രക്ഷിക്കാൻ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവർ‍ത്തിച്ചുള്ള ന്യായീകരണം. വലിയ കുറ്റം ഇപിയാണ്  ചെയ്തെന്ന് കണ്ടെത്തി ഇൻഡിഗോ വിമാന കമ്പനിയുടെ യാത്രാ വിലക്കായിരുന്നു സർക്കാറിനുള്ള ആദ്യ തിരിച്ചടി, രണ്ടാം പ്രഹരമാണ് ഇപിക്കെതിരായ കേസ്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചരിത്രകാരൻ കെ എൻ പണിക്കർ അന്തരിച്ചു
'ഗണേഷ്‍കുമാര്‍ മുന്‍പും സമാന സാഹചര്യത്തിലൂടെ പോയ ആള്‍, രാജിവെച്ചില്ലെങ്കിൽ മന്ത്രിസഭ നാറും'; തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ