സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ യുവാവിന്റെ മരണം: തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കുടുംബം

Published : Jan 25, 2023, 05:20 PM IST
സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ യുവാവിന്റെ മരണം: തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കുടുംബം

Synopsis

ആരോപണ വിധേയയായ വീട്ടമ്മയുടെ സഹോദരനൊപ്പമാണ് അരവിന്ദനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ തെറ്റായ മേല്‍വിലാസം നല്‍കിയ ശേഷം വീട്ടമ്മയുടെ സഹോദരന്‍ മുങ്ങി

കോട്ടയം: സുഹൃത്തായ സ്ത്രീയുടെ വീട്ടില്‍ ബോധരഹിതനായി കാണപ്പെട്ട യുവാവിന്‍റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം. കോട്ടയം സ്വദേശി അരവിന്ദിന്‍റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തലയിലും ശരീരത്തിലും കണ്ട മുറിവുകളാണ് ബന്ധുക്കളുടെ സംശയത്തിന്‍റെ അടിസ്ഥാനം.

ബോധം കെട്ടു കിടന്ന അരവിന്ദനെ ആശുപത്രിയിലാക്കാന്‍ ഏറ്റുമാനൂരില്‍ നിന്ന് വാഹനം വിളിക്കാന്‍ ആരോപണ വിധേയയായ വീട്ടമ്മ തയാറായില്ല. 10 കിലോ മീറ്റര്‍ അകലെയുളള വയലായില്‍ നിന്ന് അരവിന്ദന്‍റെ പരിചയക്കാരനായ ഓട്ടോറിക്ഷക്കാരനെ വിളിച്ചു വരുത്തിയ ശേഷം, മണിക്കൂറുകള്‍ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. ഇതാണ് അരവിന്ദന്റെ കുടുംബത്തിന് സംശയം തോന്നാനുള്ള ഒന്നാമത്തെ കാരണം. അരവിന്ദന്‍റെ തലയുടെ പിന്നിലെ മുറിവും ശരീരമാസകലം കണ്ട മറ്റ് പരിക്കുകളുമാണ് മരണത്തില്‍ ദുരൂഹത സംശയിക്കാനുളള രണ്ടാമത്തെ കാരണം.

ആരോപണ വിധേയയായ വീട്ടമ്മയുടെ സഹോദരനൊപ്പമാണ് അരവിന്ദനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ തെറ്റായ മേല്‍വിലാസം നല്‍കിയ ശേഷം വീട്ടമ്മയുടെ സഹോദരന്‍ മുങ്ങിയതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു. കൂടെ ആരും ഇല്ലാതിരുന്നതിനാല്‍ തന്നെ അരവിന്ദന്‍റെ ചികിത്സ തുടങ്ങാനും മണിക്കൂറുകള്‍ വൈകി.

തലയ്ക്കു പിന്നിലെ മുറിവാണ് മരണകാരണമായതെന്ന വിവരമാണ് ഡോക്ടര്‍മാരില്‍ നിന്ന് ബന്ധുക്കള്‍ക്ക് കിട്ടിയത്. മറ്റ് സാഹചര്യങ്ങളെല്ലാം ചേര്‍ത്തു വയ്ക്കുമ്പോള്‍ അരവിന്ദനെ മനപൂര്‍വം തലയ്ക്കടിച്ചു കൊന്നെന്ന സംശയമാണ് ബന്ധുക്കള്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ തന്‍റെ വീട്ടില്‍ വച്ച് അപസ്മാരമുണ്ടായെന്നും തുടർന്ന് തലയിടിച്ചു വീണാണ് അരവിന്ദന് പരിക്കേറ്റതെന്നും ആരോപണ വിധേയയായ സ്ത്രീ പറയുന്നു. അരവിന്ദന്റെ കുടുംബം ഉന്നയിച്ച മറ്റെല്ലാ ആരോപണങ്ങളും കളളമെന്നുമാണ് ആരോപണ വിധേയയായ വീട്ടമ്മ ഞങ്ങളോട് പറഞ്ഞത്. തന്‍റെ സഹോദരന് ശരിയായ മേല്‍വിലാസം അറിയാഞ്ഞതിനാലാണ് ആശുപത്രിയില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റിപ്പോയതെന്നും വീട്ടമ്മ വിശദീകരിക്കുന്നു. സാഹചര്യ തെളിവുകളില്‍ പലതിലും ദുരൂഹതയുണ്ടെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാതെ ഒന്നും പറയാനാകില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ഏറ്റുമാനൂര്‍ പൊലീസിന്‍റെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജമാഅത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി അബ്ദുറഹ്മാൻ; പരിപാടിയിൽ പങ്കെടുത്തത് സിപിഎം വിമർശനം തുടരുന്നതിനിടെ
വാഹനങ്ങൾ കൂട്ടിയിടിച്ചു, പിന്നാലെ യുവാവിന് റോഡില്‍ മർദനം; സിവിൽ പൊലീസ് ഓഫീസർക്കെതിരെ പരാതി