
തിരുവനന്തപുരം: കിണറിന്‍റെ കൈവരിയിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണയാള്‍ കിണറില്‍ കുടുങ്ങിയത് മൂന്ന് ദിവസം. വെമ്പായത്ത് കൊഞ്ചിറ നാലുമുക്ക് വിളയില്‍ വീട്ടില്‍ പ്രദീപാണ് മൂന്നുദിവസമായി കിണറില്‍ കുടുങ്ങിയത്.
കിണറിന്‍റെ കൈവരിയില്‍ ഇരുന്ന് ഫോണ്‍ ചെയ്യുന്നതിന്‍റെ ഇടയിലാണ് പ്രദീപ് കിണറിലേക്ക് വീണത്. വീഴ്ചയില്‍ കൈയ്ക്ക് കാര്യമായി പരിക്കേറ്റതിന് പുറമേ കയ്യിലുണ്ടായിരുന്ന ഫോണ്‍ വെള്ളത്തില്‍ വീണതാണ് പ്രദീപിന് കിണറില്‍ കുടുക്കിയത്. വീട്ടില്‍ ആകെയുള്ള അമ്മ സരള ബന്ധുവീട്ടില്‍ പോയതുകൊണ്ട് പ്രദീപ് കിണറില്‍ വീണത് ആരും അറിയാതെ പോവുകയായിരുന്നു.
കിണറിന്‍റെ പടവില്‍ കിടന്ന് നിലവിളിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല. മൂന്നാംദിവസമാണ് പ്രദീപിന്‍റെ ഞരക്കം വഴിയാത്രക്കാരന്‍ ശ്രദ്ധിക്കാനിടയായത്. ഇയാളാണ് കിണറില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്ന വിവരം പുറത്തറിയിക്കുന്നത്.
ഉടന്‍തന്നെ നെടുമങ്ങാട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഏറെനേരത്തെ പരിശ്രമത്തിന് ശേഷമാണ് അവശനിലയിലായ പ്രദീപിനെ പുറത്തെത്തിക്കാന്‍ സാധിച്ചത്. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam