
തിരുവനന്തപുരം: കേരള കോൺഗ്രസ് എം പിളർപ്പിന് പിന്നാലെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടും പിളർന്നു. യൂത്ത് ഫ്രണ്ടിന്‍റെ 49 - ജന്മദിനാഘോഷം പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും രണ്ടായാണ് നടത്തുന്നത്. ജോസ് കെ മാണി വിഭാഗത്തിന്‍റെ ആഘോഷം കോട്ടയത്തും പി ജെ ജോസഫ് വിഭാഗത്തിന്‍റെ ആഘോഷം തിരുവനന്തപുരത്തുമാണ് നടക്കുന്നത്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ പി ജെ ജോസഫിനൊപ്പമാണ്.
കേരള കോൺഗ്രസിലെ പിളർപ്പ് താഴേത്തട്ടിലേക്കും പോഷക സംഘടനകളിലേക്കും വ്യാപിക്കുകയാണ്. ജോസ് കെ മാണി ബദൽ സംസ്ഥാന കമ്മിറ്റി വിളിച്ചപ്പോൾ പി ജെ ജോസഫിനൊപ്പം നിന്നയാളാണ് യൂത്ത് ഫ്രണ്ടിന്‍റെ സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പൻ. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആഘോഷം നടക്കുമ്പോൾ കോട്ടയത്ത് എതിർ വിഭാഗം യോഗം ചേർന്ന് പ്രസിഡന്‍റിനെ പുറത്താക്കി.
യൂത്ത് ഫ്രണ്ടിന്‍റെ ഔദ്യോഗിക വിഭാഗമാണ് തിരുവനന്തപുരത്ത് യോഗം നടത്തിയതെന്ന് പറഞ്ഞ പിജെ ജോസഫ്, വിമത വിഭാഗം എന്ത് ചെയ്തെന്ന് ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും ആൾക്കൂട്ടം ചെയർമാനെ തെരഞ്ഞെടുത്തത് പോലെയാണ് യൂത്ത് ഫ്രണ്ടിനും പുതിയ പ്രസിഡന്‍റ് വന്നതെന്നും കൂട്ടിച്ചേർത്തു.
പോഷക സംഘടനകളും നേരിന്‍റെ പാതയിൽ ഒന്നിച്ച് നിൽക്കുന്നുവെന്നും നമ്മുടെ നിലപാടിന് ജനപിന്തുണയുണ്ടെന്നുമായിരുന്നു, സി എഫ് തോമസിന്‍റെ നിലപാട്. ഉന്നതാധികാരി സമിതിയിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമാണെന്നും ഒരു ചെറിയ ഭാഗം മാത്രമാണ് വിട്ടുപോയതെന്നും പി ജെ ജോസഫ് പറഞ്ഞു. എല്ലാ ജില്ലകളിലും യൂത്ത് ഫ്രണ്ടും രണ്ടായതായാണ് സൂചന.
ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ സമയത്തും നിലപാട് അറിയിക്കാതിരുന്ന യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍, ജോസഫ് വിഭാഗത്തോടൊപ്പം ചേര്‍ന്നതോടെയാണ് യൂത്ത് ഫ്രണ്ടും രണ്ട് തട്ടിലായത്. ജോസ് കെ മാണിയെ അനുകൂലിക്കുന്നവര്‍ നേരത്തെ തന്നെ പിന്തുണയറിയിച്ച് രംഗത്ത് വന്നിരുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സാജന്‍ തൊടുകയിലിന്‍റെ നേതൃത്വത്തിലാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ ആഘോഷ പരിപാടികള്‍.
വിമതരുടെ യോഗത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കുമെന്നാണ് സജി മഞ്ഞക്കടമ്പിലിന്‍റെ പ്രഖ്യാപനം. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ അനുരഞ്ജന നീക്കം സജീവമാക്കുമ്പോഴാണ് പോഷക സംഘടകളും പിളരുന്നത്. തിരുവനന്തപുരത്ത് ജോസഫ് വിഭാഗത്തിലെ പ്രമുഖരായ സിഎഫ് തോമസ്, മോൻസ് ജോസഫ്, ജോയി എബ്രഹാം ഉൾപ്പടെയുള്ളവരെ പങ്കെടുപ്പിച്ചായിരുന്നു ജന്മദിനാഘോഷം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam