
മലപ്പുറം: മലപ്പുറത്ത് (malappuram) പാണമ്പ്രയിൽ യുവതികളുടെ മുഖത്തടിച്ച കേസിലെ പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം. മുസ്ളിംലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറർ സി എച്ച് മഹമ്മൂദ് ഹാജിയുടെ മകനായ ഇബ്രാഹിം ഷബീർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്‍റെ ബെഞ്ച് ഇടക്കാല ഉത്തരവ് നൽകിയത്. ഹർജി മേയ് 19 നു വീണ്ടും പരിഗണിക്കും. മേയ് 19 നകം അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾ ജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ഇബ്രാഹിം ഷബീർ അപകടകരമായ രീതിയിൽ കാറോടിച്ചതിനെ ചോദ്യം ചെയ്ത സ്കൂട്ടർ യാത്രികരായ പരപ്പനങ്ങാടി സ്വദേശികൾ അസ്‌ന, ഹംന എന്നിവരെ മർദ്ദിച്ചെന്ന കേസിലാണ് പൊലീസ് കേസ് എടുത്തത്. ഏപ്രിൽ 16 നാണ് സംഭവം നടന്നത്. കോഴിക്കോട്ടു നിന്ന് പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ഇരുവരെയും പാണമ്പ്രയിൽ വച്ച് ഷബീർ ആക്രമിച്ചെന്നാണ് കേസ്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ഇരുവരും ഷബീറിന്‍റെ അപകടകരമായ ഡ്രൈവിംഗിനെ ചോദ്യം ചെയ്തപ്പോൾ കാർ കുറുകേയിട്ട് ഷബീർ വഴി മുടക്കിയെന്നും യുവതികളുടെ മുഖത്ത് അടിച്ചെന്നുമാണ് കേസ്. യാത്രക്കാരിൽ ഒരാൾ ഇത് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. നേരത്തെ നിസാര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഭവം വിവാദമായതോടെ യുവതികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ വനിതാ കമ്മിഷനും ഇടപെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam