
കോഴിക്കോട്: താമരശേരി ചുരത്തില്‍ വെച്ച് ഒരു സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ വിട്ടയച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ യാസിറിനെയാണ് ശനിയാഴ്ച അർദ്ധരാത്രി താമരശ്ശേരി ചുരത്തിൽ വെച്ച് കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. വിദേശത്ത് നിന്നെത്തിയ യാസിര്‍ വയനാട്ടിലേക്കുള്ള യാത്രയിലായിരുന്നു. താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിൽ വച്ച് ഇയാൾ സഞ്ചരിച്ച ഇന്നോവ കാര്‍ ഒരു സംഘം ആക്രമിക്കുകയും യാസിറിനെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. കാറ് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോകുന്നതിന് ദൃക്സാക്ഷിയായ ലോറി ഡ്രൈവര്‍മാരാണ് വിവരം പൊലീസിനെ അറിയിച്ചത്. താമരശ്ശേരി പൊലീസിന്റ അന്വേഷണത്തിലാണ് കുന്ദമംഗലം സ്വദേശിയായ യാസിറാണ് കാറിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞത്.
സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. വിമാനത്താവളത്തിൽ വന്നിറങ്ങിയ യാസിര്‍ വീട്ടിലേക്ക് പോകാതെയാണ് വയനാട്ടിലേക്ക് യാത്ര ചെയ്തതെന്നാണ് ദുരൂഹതയുണ്ടാക്കിയത്. ഈ യാത്രക്കിടെയാണ് ഈ സംഭവങ്ങളെല്ലാമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ പങ്കിനെ കുറിച്ച് സൂചനകൾ ലഭിച്ചത്. കൊടുത്തുവിട്ട ആളുകള് തന്നെ പിന്തുടര്‍ന്നെത്തി സ്വര്‍ണ്ണം തിരിച്ചെടുക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യാസിറിനെ താമരശേരി പൊലീസ് ചോദ്യം ചെയ്തു. എന്നാൽ ആളുമാറി തട്ടിക്കൊണ്ടുപോയതെന്നും പരാതിയില്ലെന്നുമാണ് യാസിർ പറയുന്നത്. അതിനാൽ നിലവിൽ പോലീസ് കേസ് എടുത്തിട്ടില്ല. ഇയാളെ വീണ്ടും ചോദ്യം ചെയ്തേക്കും.
ഇടുക്കിയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ കൂട്ടലൈംഗികാതിക്രമം, രണ്ട് പേര്‍ കസ്റ്റഡിയിൽ
തല മുതൽ പാദം വരെ, കളിപ്പാട്ടം മുതൽ പഴച്ചാർ വരെ; പിടിവീണിട്ടും പുതിയ മാർഗങ്ങള്‍ തേടി സ്വർണ്ണക്കടത്ത് സംഘങ്ങൾ
കൊച്ചി: കസ്റ്റംസിന്‍റെ പരിശോധനകളിൽ പലതവണ പിടിക്കപ്പെടുമ്പോഴും പുതിയ മാർഗങ്ങളുമായി വീണ്ടും രംഗത്തെത്തുകയാണ് സ്വർണ്ണക്കടത്ത് സംഘങ്ങൾ. സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചും പരിശോധന രീതികളിലെ പാളിച്ചകൾ മുതലെടുത്തുമാണ് കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം വിദേശത്ത് നിന്ന് നാട്ടിലെത്തുന്നത്. പരിശോധനയ്ക്ക് ആധുനിക സജ്ജീകരണങ്ങൾ ഇല്ലാത്തതും ഉദ്യോഗസ്ഥരുടെ കുറവുമാണ് കസ്റ്റംസ് നേരിടുന്ന വെല്ലുവിളി.
തല മുതൽ കാൽപാദം വരെ, കളിപ്പാട്ടം മുതൽ പഴച്ചാർ വരെ. കസ്റ്റംസിന്‍റെ കണ്ണ് വെട്ടിക്കാനുള്ള സ്വർണ്ണകടത്ത് രീതികൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. യാത്രക്കാരന്‍റെ തലയ്ക്കുള്ളിലും സ്വർണ്ണമോ എന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ ചിന്തയിൽ പരിശോധന നീണ്ടപ്പോൾ കണ്ടെത്തിയത് വിഗിനുള്ളിൽ ഒരു കിലോയിലധികം സ്വർണ്ണമാണ്. മലദ്വാരം തുടങ്ങി ശരീരത്തിലെ രഹസ്യഭാഗങ്ങൾ, കാൽപാദത്തിനടയിൽ, മുട്ടിനുള്ളിൽ എല്ലാം ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താനുള്ള ശ്രമങ്ങള്‍ കസ്റ്റംസ് പിടികൂടിയിരുന്നു.
നടത്തത്തിലെ പന്തികേട് സംശയിച്ചപ്പോൾ ഊർന്ന് വീണത് കിലോക്കണക്കിന് സ്വർണ്ണമാണ്. ടിവി, മിക്സി, എമർജൻസി ലൈറ്റ്, മൊബൈൽ ഫോണിനുള്ളിലെ ബാറ്ററി, പ്ലേറ്റ്, കേബിള്‍ എന്നിങ്ങനെ തുടങ്ങി എന്തിന് പറയുന്നു കുഴമ്പ് രൂപത്തിലാക്കി പഴച്ചാറാക്കി വരെ സ്വർണ്ണമെത്തുന്നു. തീർന്നില്ല ഒന്നര വയസ്സുകാരി മകളെ മയക്കിക്കിടത്തി കുഞ്ഞിന്‍റെ ഡയപ്പറിനുള്ളിലും ഒരു കിലോയ്ക്കടുത്ത് സ്വർണ്ണം കടത്തിയ അമ്മയും കസ്റ്റംസിന്‍റെ പിടിയിലായിട്ടുണ്ട്.
ക്യാരിയർമാർ കടത്തിനായി എന്തും ചെയ്യുമ്പോൾ കസ്റ്റംസിന് മുന്നിലും വെല്ലുവിളികൾ ഏറെയാണ്. സംശയത്തിന്‍റെ പേരിൽ മാത്രം നടത്തുന്ന ദേഹപരിശോധന പിന്നീട് പലപ്രശ്നങ്ങൾക്കും വഴിവെച്ചേക്കാം. നിലവിലെ എക്സ്റേ സ്കാനറിൽ പിടിതരാത്ത രീതിയിലും സ്വർണ്ണം കടത്താൻ വഴികളേറെയുണ്ട്. യാത്രികരുടെ എണ്ണം കൂടുമ്പോൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരില്ലെന്നതും പ്രതിസന്ധിയാണ്. പരിശോധന സംവിധാനങ്ങളുടെ പാളിച്ചകൾ മുതലെടുത്ത് എത്ര പേർ ഈ വഴി സ്വർണ്ണംകടത്തി കൊണ്ട് പോയിരിക്കാം. രാജ്യത്തിന് ഭീഷണിയാകുന്ന ഈ സമാന്തര സമ്പദ് വ്യവസ്ഥതയ്ക്ക് തടയിടുന്നതിന് വേഗത കൂടിയെ തീരൂ.