
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫിന്‍റെ പേരിൽ നടന്ന പ്രചാരണങ്ങൾ ഏറ്റെടുത്ത എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജേയും സിപിഎമ്മിനേയും വിമർശിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. സിപിഎമ്മിന്‍റെ യഥാർത്ഥ മുഖമെന്താണെന്ന് ഇനിയും മനസ്സിലാകാത്തവർക്ക് തിരിച്ചറിയാൻ അവസരം നൽകുന്നതാണ് വടകര തെരഞ്ഞെടുപ്പെന്ന് പികെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. ഏറ്റവും അദ്‌ഭുതപ്പെടുത്തിയ കാര്യം ഇടത് സ്ഥാനാർത്ഥി തന്നെ ഈ പ്രചരണം ഏറ്റെടുത്തു എന്നതാണെന്നും ഫിറോസ് പറഞ്ഞു.
'ടീച്ചറേ... നിങ്ങളും' എന്ന് തുടങ്ങുന്നതാണ് ഫിറോസിന്‍റെ കുറിപ്പ്. സിപിഎമ്മിന്റെ യഥാർത്ഥ മുഖമെന്താണെന്ന് ഇനിയും മനസ്സിലാകാത്തവർക്ക് തിരിച്ചറിയാൻ അവസരം നൽകുന്നതാണ് വടകര തെരഞ്ഞെടുപ്പ്. വ്യാജ വീഡിയോ പൊളിഞ്ഞതിന് ശേഷം ഷാഫി പറമ്പിലിന്റെ മതത്തെ ഉയർത്തിക്കാട്ടിയാണ് സിപിഎം വ്യാപക പ്രചരണം നടത്തിയത്. 'കാഫിറിന്' വോട്ട് ചെയ്യരുതെന്ന് യുഡിഎഫ് പറഞ്ഞുവെന്ന വ്യാജ സ്ക്രീൻ ഷോട്ടും അതിനായി നിർമ്മിച്ചു. എഴുപത് ശതമാനത്തോളം മുസ്‌ലിംകളല്ലാത്തവർ താമസിക്കുന്ന ഒരു മണ്ഡലത്തിൽ ഇങ്ങിനെയൊരു പ്രചരണം ഏറ്റെടുക്കുന്നതിലെ സിപിഎം താൽപര്യം അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യമാവും- ഫിറോസ് പറഞ്ഞു.
യു.ഡി.എഫിന് അധികാരം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി, കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണിയാണ് കേരളം ഭരിക്കുക എന്ന പ്രചരണം നടത്തിയ മനോനിലയിൽ നിന്ന് ഒരിഞ്ച് മാറ്റവും ഉണ്ടായിട്ടില്ല ഈ പാർട്ടിക്ക്. എന്നാൽ സംഘ്പരിവാർ ആശയത്തെ ഇത്രയും കാലം പ്രതിരോധിച്ച വടകര ആ മനോഗതിയുള്ളവരെയും അതിജീവിക്കും എന്ന കാര്യത്തിൽ ഞങ്ങൾക്കാർക്കും സംശയമില്ല. ഏറ്റവും അദ്‌ഭുതപ്പെടുത്തിയ കാര്യം ഇടത് സ്ഥാനാർത്ഥി തന്നെ ഈ പ്രചരണം ഏറ്റെടുത്തു എന്നതാണ്. പൊതുവെ ശൈലജ ടീച്ചറെ കുറിച്ച് പലരും പറയുന്ന ഒരു കാര്യമുണ്ട്. സി.പി.എമ്മാണെങ്കിൽ പോലും അവർ മാന്യയാണെന്ന്. ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടനയാണ്. എതിരാളിയെ ഏത് വിധേനയും നശിപ്പിക്കുക! അതിന്റെ ഒരറ്റത്ത് പിണറായി വിജയനും മറ്റേ അറ്റത്ത് കൊടി സുനിയുമാണ്- ഫിറോസ് വിമർശിക്കുന്നു.
Read More : വടകരയിൽ കളിച്ചത് തീക്കളി, തോൽക്കുമെന്ന് വരുമ്പോൾ 'മതായുധം' പുറത്തെടുക്കാൻ അവർക്ക് മടിയില്ല; ലീഗിനെതിരെ ജലീൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam