
കോഴിക്കോട്: സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ആക്രമണം നടന്ന് എട്ട് നാൾ പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് രംഗത്ത്. മാലപ്പടക്കം പൊട്ടിച്ചുള്ള പ്രതിഷേധമാണ് യൂത്ത് ലീഗ് കോഴിക്കോട്ട് നടത്തിയത്. സംഭവത്തിലെ യഥാർത്ഥ പ്രതിയെ എത്രയും വേഗം പിടികൂടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
എട്ടാം നാളും പ്രതിയെ കണ്ടാത്താനാകാതെ പൊലീസ്
എ കെ ജി സെൻറർ ആക്രമിക്കപ്പെട്ട് എട്ട് നാളായിട്ടും പ്രതിക്കായി ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് തലസ്ഥാനത്തെ പൊലീസ് സംവിധാനങ്ങൾ. സി സി ടിവിയും മൊബൈൽ ടവറും കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം തുടരുന്നത്. എ കെ ജി സെന്ററിന് നേരെ എറിഞ്ഞത് പ്രഹരശേഷിയുള്ള സ്ഫോടക വസ്തുവല്ല എന്ന ഫൊറൻസിക് കണ്ടെത്തൽ ഇന്നലെ പുറത്തുവന്നിരുന്നു. വൈകാതെ പ്രതിയിലേക്ക് എത്താനാകുന്ന ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് പറയുന്നത്. രണ്ട് ഡിവൈഎസ്പിമാരും ഷാഡോ സംഘവും സൈബർ സംഘവും നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും തെരഞ്ഞെടുത്ത മിടുക്കരായ ഉദ്യോഗസ്ഥരും ഉൾപ്പെട്ട അന്വേഷണ സംഘമാണ് ഇങ്ങിനെ എത്തുംപിടിയുമില്ലാതെ നട്ടം തിരിയുന്നത്. അപ്പോൾ ആരാണ് പിന്നിൽ, ഇനി എങ്ങിനെ കണ്ടെത്തുമെന്ന വലിയ ചോദ്യത്തിന് ഉത്തരമില്ല. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചിട്ടും കൂളായി കടന്നുപോയ പ്രതിയെ കിട്ടാത്തത് പൊലീസിന് മാത്രമല്ല സർക്കാറിനാകെ വലിയ നാണക്കേടാണ്.
ബോംബ്, സ്റ്റീൽബോംബ് ഒടുവിൽ നാടൻ പടക്കം...
എ കെ ജി സെന്‍ററിന്‍റെ സി സി ടിവിയിൽ നിന്നും കിട്ടിയ ദൃശ്യങ്ങൾ അവ്യക്തമാണ് എന്നതാണ് പ്രധാന പ്രശ്നം. പ്രതി വന്ന വാഹനത്തിന്‍റെ നമ്പർ പോലും തിരിച്ചറിയാനായില്ല. പിന്നെ സംശയമുള്ളവരെ ചോദ്യം ചെയ്യലാണ്. അങ്ങിനെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്തതുമായ ആർക്കും സംഭവത്തിലെ പങ്ക് തെളിയിക്കാനായില്ല. ഇതുവരെ പരിശോധിച്ചത് മൂന്ന് ടവറുകളിലെ ആയിരത്തിലേറെ കോളുകളാണ്. എ കെ ജി സെന്‍ററിന് സമീപത്തെ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലെയും 50 ലേറെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് പൊലീസ് പറയുന്നത്. പിടി കിട്ടാത്തതാണോ അതോ പിടികൂടാത്തതാണോ എന്ന ചോദ്യം അതുകൊണ്ടുതന്നെ ശക്തമാകുകയാണ്. പ്രതിപക്ഷ ആരോപണം പോലെ സി പി എം ബന്ധമുള്ള ആരെങ്കിലുമായത് കൊണ്ടാണ് അന്വേഷണത്തിലെ ഇഴഞ്ഞുനീങ്ങൽ എന്ന സംശയവും ബലപ്പെടുന്നുണ്ട്. കാവലുണ്ടായിട്ടും നടന്ന അക്രമത്തിലെ പൊലീസ് വീഴ്ച അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പക്ഷെ ആ വഴിക്ക് ഒരു നടപടിയും ഇതുവരെ ആയിട്ടില്ല.
ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്ഫോടന ശേഷിയില്ലാത്ത വസ്തുക്കളെന്ന് ഫൊറൻസികിന്‍റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് ഫൊറൻസിക്കിന് കിട്ടിയത് ഗൺ പൗഡറിന്റെ അംശം മാത്രമാണ്. ലോഹചിളുകളോ, കുപ്പി ചില്ലുകളോ സ്ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ലെന്നാണ് ഫൊറൻസികിന്‍റെ പ്രാഥമിക നിഗമനം. നാടൻ പടക്കിന് സമാനമായ സ്ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് ഫൊറൻസികിന്‍റെ പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam