യൂത്ത് ലീഗ് സെക്രട്ടേറിയേറ്റ് മാ‍ര്‍ച്ച് അക്രമാസക്തമായി; പൊലീസ് ഗ്രനേഡും കണ്ണീ‍ര്‍വാതകവും പ്രയോഗിച്ചു, ലാത്തി

By Web TeamFirst Published Jan 18, 2023, 12:55 PM IST
Highlights

സംസ്ഥാന സർക്കാരിനെതിരെ സേവ്  കേരള മാർച്ച് എന്ന മുദ്രാവാക്യമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി  നടത്തിയത്

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് നടത്തിയ മാ‍ര്‍ച്ച് അക്രമാസക്തമായി. സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസിന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം തീ‍ര്‍ന്നതിന് പിന്നാലെയാണ് പ്രവ‍ര്‍ത്തകര്‍ അക്രമാസക്തരായത്. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കുപ്പികളും ചെരിപ്പുകളും കസേരകളും വലിച്ചെറിഞ്ഞു.  പിന്നാലെ കല്ലേറും നടത്തി. 

പ്രവ‍ര്‍ത്തകര്‍ അക്രമാസക്തരായതോടെയാണ് പൊലീസ് ലാത്തി വീശിയത്. പിന്നാലെ കണ്ണീ‍ര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു. എന്നാൽ പ്രവര്‍ത്തകര്‍ സംഘ‍ര്‍ഷത്തിൽ നിന്ന് പിന്മാറിയില്ല. ഇതോടെ പൊലീസ് ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു.

സംസ്ഥാന സർക്കാരിനെതിരെ സേവ്  കേരള മാർച്ച് എന്ന മുദ്രാവാക്യമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി  നടത്തിയത്. അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. രാവിലെ 10ന് മ്യൂസിയം ജങ്ഷനിൽ നിന്ന് തുടങ്ങി സെക്രട്ടേറിയറ്റിന് മുന്നിൽ റാലി അവസാനിച്ചു. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.

click me!