
മലപ്പുറം : മലപ്പുറം ജില്ലയിൽ വേനൽചൂട് കടുക്കുന്നതിനിടെ കരിപ്പൂർ കുമ്മിണിപറമ്പിൽ യുവാവിന് സൂര്യാതപമേറ്റു. മേലെ മംഗലത്തു അഖിലിനാണ് ജോലിസ്ഥലത്ത് വെച്ച് പൊള്ളലേറ്റത്. മരപ്പണിയിൽ ഏർപ്പെട്ടിരിക്കെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയത്. ഉടൻ തന്നെ അഖിലിനെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഖിൽ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കർശന ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (24/04/2026) ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ട്. കേരളത്തിൽ ഇന്ന് പാലക്കാട് ജില്ലയിൽ 41 ° വരെയും; തൃശൂർ ജില്ലയിൽ 40 ° വരെയും; കൊല്ലം ജില്ലയിൽ 39 ° വരെയും; കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ° വരെയും; ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 ° വരെയും; തിരുവനന്തപുരം ജില്ലയിൽ 36° വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ 25/04/2026, 26/04/2026 തീയതികളിൽ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C, തൃശൂർ, കോട്ടയം ജില്ലകളിൽ 38 °C വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam