ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ല, ക്രൂരമായി മർദ്ദിച്ചു; വടകര പൊലീസിനെതിരെ ഗുരുതര ആരോപണം

By Web TeamFirst Published Jul 22, 2022, 8:20 AM IST
Highlights

കുഴഞ്ഞുവീണ സജീവനെ ആശുപത്രിയിലെത്തിക്കാൻ സഹായം തേടിയെങ്കിലും പൊലീസ് നൽകിയില്ലെന്ന് സുഹൃത്തുക്കൾ, സ്റ്റേഷനിൽ വച്ച് എസ്ഐ ക്രൂരമായി മർദ്ദിച്ചെന്നും ആരോപണം

കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ. കുഴഞ്ഞുവീണ സജീവനെ ആശുപത്രിയിലെത്തിക്കാൻ സഹായം തേടിയെങ്കിലും പൊലീസ് നൽകിയില്ലെന്ന് സുഹൃത്ത് അനീഷ് പറഞ്ഞു. കൃത്യസമയത്ത് ചികിത്സ നൽകാനും തയ്യാറായില്ല. പൊലീസാണ് സജീവന്റെ മരണത്തിന് ഉത്തരവാദി എന്നും അനീഷ് ആരോപിച്ചു. കസ്റ്റഡിയിൽ എടുത്ത് കൊണ്ടുവന്ന ശേഷം 45 മിനിറ്റോളം സ്റ്റേഷനിൽ ഇരുത്തി.  ദേഹാസ്വാസ്ഥ്യം  ഉണ്ടെന്ന് സജീവൻ പൊലീസിനോട് പറഞ്ഞിരുന്നുവെങ്കിലും ഉദ്യോഗസ്ഥർ ഇക്കാര്യം ഗൗനിച്ചില്ലെന്നും അനീഷ് കുറ്റപ്പെടുത്തി.

വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയ തങ്ങളോട് വടകര എസ്ഐ ക്രൂരമായാണ് പെരുമാറിയതെന്ന് സുഹൃത്ത് ജുബൈർ ഉമ്മർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സജീവനെയും തന്നെയും മ‍ർദ്ദിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ‍്‍ചയുണ്ടായെന്നും ജുബൈർ ആരോപിച്ചു. 

സ്റ്റേഷനിലെത്തിയപ്പോൾ കാരണമില്ലാതെയാണ് പൊലീസ് മർദ്ദിച്ചതെന്ന് സജീവന്റെ ബന്ധു അർജുൻ പറഞ്ഞു. അവശൻ ആണെന്ന് അറിയിച്ചിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ല. കുഴഞ്ഞു വീണിട്ടും പൊലീസ് ആശുപത്രിയിൽ എത്തിച്ചില്ല. പരിചയമുള്ള ഓട്ടോ റിക്ഷ ഡ്രൈവർ ആണ് സഹായിച്ചതെന്നും അർജുൻ ആരോപിച്ചു. 

വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു, മരണകാരണം പൊലീസ് മർദ്ദനമെന്ന് സുഹൃത്തുക്കൾ

കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഇന്നലെ രാത്രി സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലാണ് പൊലീസിനെതിരെ ഗുരുതര ആരോപണം ഉയരുന്നത്. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു ഇവരെ  കസ്റ്റഡിയിൽ എടുത്തത്. എന്നാൽ മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ മർദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. മർദ്ദനമേറ്റ സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നും കൂടെയുണ്ടായിരുന്നവർ വ്യക്തമാക്കി. 

 

click me!