
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സെക്ഷ്വൽ റിലേഷൻഷിപ്പിന് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത പ്രതി പിടിയിൽ. എറണാകുളം സ്വദേശി ശ്യാം മോഹൻ (37) എന്നയാളാണ് പിടിയിലായത്. കൊച്ചി സിറ്റി സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ.പി.എസിന് രണ്ട് പ്രമുഖ നടിമാർ പരാതി നൽകുകയായിരുന്നു. പരാതിയിൽ ഉടനടി നടപടി സ്വീകരിക്കാനായി സൈബർ പൊലീസ് സ്റ്റേഷൻ കൊച്ചി സിറ്റിയിലേക്ക് അയച്ചു കിട്ടിയതിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീണർ സുദർശൻ കെ.എസ്, സൈബർ എ.സി.പി. മുരളി എം.കെ. എന്നിവരുടെ മേൽ നോട്ടത്തിലായിരുന്നു ടീം രൂപീകരിച്ച് സൈബർ പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ നിന്നും പ്രതി ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമാണെന്നും ഗ്രൂപ്പുകളിൽ നടിമാരെ നൽകാമെന്ന പരസ്യങ്ങൾ പോസ്റ്റ് ചെയ്താണ് പണം തട്ടുന്നതെന്നും വ്യക്തമായി. ഇതുവഴി പ്രതി ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് സൈബർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സമാനമായ കേസിലെ ഒരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയിൽ നിന്നും സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാൻഡിൽ കഴിഞ്ഞു വരികയാണ്. ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐ ശൈലേഷ്, എ.എസ്.ഐ. ശ്യാം, ഡോളി, ദീപ എസ്, സി.പി.ഒ. അജിത്, സി.പി.ഒ ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നിവർ അടങ്ങിയ സൈബർ ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
READ MORE: പരിശീലനത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ചെന്ന് പരാതി; മഫ്തിയിലെത്തി പൊലീസ്, കരാട്ടെ പരിശീലകൻ പിടിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam