
തിരുവനന്തപുരം: സിഐടിയു പ്രവർത്തകർ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുവെന്ന് കണ്ണൂരിൽ മർദ്ദനനമേറ്റ അഫ്സലിന്റെ വെളിപ്പെടുത്തൽ. സിഐടിയുക്കാരെ പേടിച്ചാണ് നാടുവിട്ടതെന്നും അഫ്സൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു. അന്നത്തെ അടിയിൽ ഒരു ചെവിയുടെ കേൾവി ഭാഗികമായി നഷ്ടപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം നടുറോഡിൽ വെച്ച് വീണ്ടും ആക്രമണമുണ്ടായി. കുനിയങ്കേട് ബ്രാഞ്ച് സെക്രട്ടറി രഞ്ജിത് കത്തിവീശുകയായിരുന്നു. സഹോദരിക്ക് നേരെയും കയ്യേറ്റമുണ്ടായെന്ന് അഫ്സൽ ന്യൂസ് അവറിൽ പറഞ്ഞു. പരിയാരം പൊലീസ് സ്റ്റേഷനിൽ കയറിയതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. സിഐടിയു ഭീഷണിയെത്തുടർന്ന് കട പൂട്ടേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പയ്യന്നൂർ മാതമംഗലത്ത് സിഐടിയു തൊഴിലാളികളുമായി തർക്കം നിലനിൽക്കുന്ന എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിനാണ് അഫ്സൽ എന്നയാളെ ചുമട്ട് തൊഴിലാളികൾ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയത്. സംഭവത്തിൽ മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ്, ചുമട്ട് തൊഴിലാളികളായ രഞ്ജിത്ത്, പ്രജിത്ത് ഉൾപ്പെടെ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, സ്റ്റേഷൻ ജാമ്യം നൽകാവുന്ന ദുർബല വകുപ്പുകൾ ചുമത്തി പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് പരാതിക്കാരൻ ആരോപണം.