യൂട്യൂബറെ മര്‍ദ്ദിച്ച കേസ്: ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഹൈക്കോടതിയിലേക്ക്

By Web TeamFirst Published Oct 11, 2020, 12:41 PM IST
Highlights

വിജയ് പി നായരുടെ ലാപ്ടോപ്പും മൊബൈൽഫോണും പൊലീസിലേൽപ്പിച്ചുവെന്നിരിക്കെ  മോഷണക്കുറ്റം  ചുമത്തിയ നടപടിയും കൈയേറ്റവും  നിലനിൽക്കില്ലെന്നാകും പ്രധാനമായും വാദിക്കുക. 

കൊച്ചി: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. മുൻകൂര്‍ജാമ്യേപേക്ഷ കീഴ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. യൂടൂബറെ മുറിയിൽ കയറി കൈയേറ്റം ചെയ്ത കേസിൽ മുൻകൂർ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തൽക്കാലം ഹൈക്കോടതിയിൽ ഇവർ സമർപ്പിക്കുന്ന മുൻകൂർ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടർനടപടികളെന്ന നിലപാടിലാണ്. നിലവിൽ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ.

വിജയ് പി നായരുടെ ലാപ്ടോപ്പും മൊബൈൽഫോണും പൊലീസിലേൽപ്പിച്ചുവെന്നിരിക്കെ  മോഷണക്കുറ്റം  ചുമത്തിയ നടപടിയും കൈയേറ്റവും നിലനിൽക്കില്ലെന്നാകും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും  പ്രധാനമായും വാദിക്കുക. ചുമത്തിയ കുറ്റങ്ങൾ പരസ്പര വിരുദ്ധമാണെന്നും വാദിക്കും.  അതേസമയം നിലവിലുള്ള ശക്തമായ വകുപ്പുകൾക്ക് പുറമെ ഹൈക്കോടതിയിലും പൊലീസ് നിലപാട് കടുപ്പിക്കാനാണ് സാധ്യത.

വീഡിയോ സഹിതം തെളിവുള്ളതിനാൽ പിടിച്ചുപറി എന്നതിലുപരി, ദേഹോപദ്രവമേൽപ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് നിലപാട് കടുപ്പിക്കാനാണ് പൊലീസ് നീക്കം.  കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുൻകൂർജാമ്യ ഹർജിയിൽ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിർണായകമാണ്.  ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ  ജാമ്യ ഹർജിയെ  സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു.  അതിനിടെ   സൈനികരെ അപമാനിച്ചെന്ന പരാതിയിലും പൊലീസ് വിജയ് പി നായരുടെ അറസ്റ്റ് രേഖപ്പെടുത്തി. 

 

click me!