
തൃശ്ശൂർ: മണവാളൻ എന്നറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് ഷെഹീൻ ഷായുടെ മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാഗമായിട്ടെന്ന് വിയ്യൂർ ജില്ല ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. സെല്ലിൽ മറ്റ് തടവുകാർക്ക് പ്രയാസമുണ്ടാക്കിയെന്നും റിപ്പോർച്ചിൽ പറയുന്നു. മുടി മുറിക്കൽ വിവാദത്തിന് പിന്നാലെയാണ് ജയിൽ ആസ്ഥാനത്ത് നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. യൂട്യൂബറുടെ മുടി മുറിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
മുടി മുറിച്ചത് ജയിലിൽ അച്ചടക്കം കാക്കാനെന്നാണ് റിപ്പോർട്ടിൽ ഒന്നാമതായി പറഞ്ഞിരിക്കുന്നത്. സെല്ലിൽ പന്ത്രണ്ട് പേരുണ്ടായിരുന്നു. ഇയാളുടെ മുടി നീട്ടി വളർത്തിയതിലെ സെല്ലിലുള്ള മറ്റ് തടവുകാർ പരാതിയായി പറയുകയും ചെയ്തിരുന്നു. ഒരാളെ മാത്രം മുടി വളർത്തി സെല്ലിൽ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു ഇവരുടെ പരാതി. മാത്രമല്ല, ജയിലിലേക്ക് കടക്കുന്നതിന് മുമ്പ് യൂട്യൂബർ മണവാളൻ റീൽസെടുക്കുകയും അത് ആഘോഷമാക്കുകയും ചെയ്തിരുന്നു.
ഡ്രഗ് അഡിക്ഷന്റെ പ്രശ്നങ്ങൾ മണവാളൻ പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മണവാളനെ തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് തടവുകാർക്കൊപ്പം ഇരുത്തിയാണ് ഇയാളുടെ മുടിയും മുറിച്ചത്. മുടി മുറിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ യാതൊരു ബുദ്ധിമുട്ടും പറയാതെ അനുസരിച്ചുവെന്നും ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് യൂട്യൂബർ മണവാളൻ അറസ്റ്റിലായത്. 10 മാസമായി ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻഷായെ കുടകിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതി പരിഹാസത്തോടെ പറഞ്ഞത്. ജില്ലാ ജയിലില്‍ പ്രവേശിക്കും മുമ്പ് റീല്‍സെടുത്തും മണവാളനും സംഘവും ആഘോഷിച്ചു.
കഴിഞ്ഞ ഏപ്രിൽ 19ന് പൂരദിവസം രാത്രി മദ്യ ലഹരിയില്‍ കേരള വര്‍മ്മ കോളേജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് 26കാരൻ മുഹമ്മദ് ഷഹീൻഷാക്ക് പിടിവീണത്. കുടകില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂര്‍ വെസ്റ്റ് ഷാഡോ സംഘമാണ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതി ക്യാമറയ്ക്ക് മുന്നിലും പെര്‍ഫോമന്‍സ് തുടര്‍ന്നു. തൃശൂര്‍ ജ്യൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തിരിക്കുന്നത്.