കൈകൊണ്ട് മീൻ പിടിച്ച് ശ്രദ്ധേയയായി; യൂട്യൂബർ 'തംബുരു ക്വീൻഫിഷ‍ർ' വാടകവീട്ടിൽ മരിച്ചനിലയിൽ

Published : Sep 15, 2026, 10:15 PM IST
thamburu queen fisher youtuber

Synopsis

ചെളിയിലും കല്ലിടുക്കുകളിലും കൈകൾ കൊണ്ട് തപ്പി മീൻ പിടിക്കുന്ന തംബുരുവിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ, കേരളത്തിന് പരിചിതമായത് ഒരു അപൂർവ മത്സ്യബന്ധന രീതിയായിരുന്നു. തലമുറകളായി കുടുംബത്തിൽ തുടർന്നു വന്ന മീൻപിടിത്തം തന്നെയായിരുന്നു തംബുരുവിന്റെ ജീവിതത്തിന്റെ ഗതി മാറ്റിയതും.

വൈക്കം: 'തംബുരു ക്വീൻ ഫിഷർ’ എന്ന യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയ കെ കെ തംബുരു(36)വിനെ വാടക വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചേമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെ പുളിഞ്ചുവടിലെ വാടക വീട്ടിലാണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം സ്കൂൾ വിട്ടെത്തിയ 13 വയസ്സുള്ള മകളാണ് വീടിനുള്ളിൽ തംബുരുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട് വീട്ടിലെത്തിച്ച് സംസ്കരിച്ചു.

ചെളിയിലും കല്ലിടുക്കുകളിലും കൈകൾ കൊണ്ട് തപ്പി മീൻ പിടിക്കുന്ന തംബുരുവിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ, കേരളത്തിന് പരിചിതമായത് ഒരു അപൂർവ മത്സ്യബന്ധന രീതിയായിരുന്നു. തലമുറകളായി കുടുംബത്തിൽ തുടർന്നു വന്ന മീൻപിടിത്തം തന്നെയായിരുന്നു തംബുരുവിന്റെ ജീവിതത്തിന്റെ ഗതി മാറ്റിയതും. പത്താം ക്ലാസ് പഠനത്തിന് ശേഷം അമ്മയ്ക്കൊപ്പം മീൻപിടിത്തത്തിനിറങ്ങിയ അവർ, അതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഇളയ സഹോദരങ്ങളുടെ പഠനം പൂർത്തിയാക്കിയതും.

ജീവിതച്ചെലവിനായി തൊഴിലുറപ്പ് ജോലിയും ഡ്രൈവിങ് സ്കൂളിലെ ജോലിയും വസ്ത്ര നിർമാണ യൂണിറ്റിലെ ജോലിയും ചെയ്തിരുന്നെങ്കിലും, കുടുംബത്തിന്റെ പരമ്പരാഗത മത്സ്യബന്ധനം തംബുരു കൈവിട്ടില്ല. വേലിയേറ്റ സമയത്ത് വഞ്ചിയിൽ കായലിലിറങ്ങി വലയോ ചൂണ്ടയോ ഇല്ലാതെ കൈകൾ കൊണ്ട് ചെളിയിലും കല്ലിടുക്കുകളിലും തിരഞ്ഞ് മീൻ പിടിക്കുന്നതായിരുന്നു അവരുടെ രീതി.

ഈ കാഴ്ചകളാണ് പിന്നീട് സമൂഹമാധ്യമങ്ങളിലെ തംബുരുവിന്റെ സ്വന്തം ഇടമായി മാറിയത്. ‘ക്വീൻ ഫിഷർ’ എന്ന പേരിൽ തുടങ്ങിയ പേജിൽ കൈകൾ കൊണ്ട് മീൻ പിടിക്കുന്നതിന്റെ ആദ്യ വീഡിയോ പങ്കുവച്ചപ്പോൾ തന്നെ 90 ലക്ഷത്തിലധികം പേരാണ് അത് കണ്ടത്. പിന്നീട് തംബുരുവിന് വലിയ ആരാധകവൃന്ദം ലഭിച്ചു.

തനിക്കെതിരെ ഉയർന്ന അപവാദപ്രചാരണങ്ങൾക്കിടയിലും സ്വന്തം തൊഴിലിനെ മുന്നോട്ടു കൊണ്ടുപോകാൻ തംബുരു ശ്രമിച്ചിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന തംബുരു, കുടുംബത്തിൽ നിന്ന് കൈമാറിക്കിട്ടിയ തൊഴിൽ സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിന് മുന്നിലെത്തിക്കുകയും ചെയ്തു. ഒരു കുടുംബത്തിന്റെ ഉപജീവനമായിരുന്ന പരമ്പരാഗത മീൻപിടിത്തത്തെ ആയിരങ്ങൾക്കിടയിൽ പരിചിതമാക്കിയ തംബുരുവാണ് 36-ാം വയസ്സിൽ അപ്രതീക്ഷിതമായ വിട പറഞ്ഞത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈദ്യുതി പ്രതിസന്ധി; അടിയന്തര വാദം ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ
പാലാ നഗരസഭയിൽ വിമതസഖ്യത്തിന്റെ നീക്കം; വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയായി ബിജു മാത്യൂസ്