
കോഴിക്കോട്: സംസ്ഥാന സ്‍കൂള്‍ കലോത്സവത്തില്‍ 2022ലെ പ്രധാന സംഭവങ്ങള്‍ മിമിക്രിയിലൂടെ അവതരിപ്പിച്ച യുക്ത ഹൈസ്‍കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് നേടി. വടകര മേമുണ്ട ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ യുക്തയ്ക്ക് ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചത്. അപ്പീലിലൂടെയാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയത്.
റഷ്യ - യുക്രൈന്‍ യുദ്ധം, കാന്താര, തല്ലുമാല എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങള്‍ മിമിക്രിയിലൂടെ അവതരിപ്പിച്ചാണ് യുക്ത ശ്രദ്ധനേടിയത്. ചെറുപ്പം മുതല്‍ കലയോട് കമ്പമുള്ള യുക്തയ്ക്ക് മിമിക്രിക്ക് പുറമെ ഓട്ടന്‍തുള്ളലിലും എ ഗ്രേഡ് ലഭിച്ചു. മൂന്നാം ക്ലാസ് മുതല്‍ മോണോ ആക്ട് പരിശീലനം തുടങ്ങിയിരുന്നു. നാടോടിനൃത്തം, ഭരതനാട്യം ഉള്‍പ്പെടെയുള്ള ഇനങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള യുക്ത ഏഴാം ക്ലാസ് മുതലാണ് ഓട്ടന്‍തുള്ളല്‍ പരിശീലിച്ച് തുടങ്ങിയത്. ഏതാനും ഹ്രസ്വ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള യുക്ത പ്രവാസിയായ അനിലിന്റെയും അധ്യാപികയായ ഷൈനിയുടെയും മകളാണ്.