കലിപ്പിച്ച് കാലവർഷം; 15 മരണം, അതീവജാഗ്രതാ നിർദ്ദേശം

web desk |  
Published : Jul 16, 2018, 09:10 PM ISTUpdated : Oct 04, 2018, 03:06 PM IST
കലിപ്പിച്ച് കാലവർഷം; 15 മരണം, അതീവജാഗ്രതാ നിർദ്ദേശം

Synopsis

ഏതാണ്ട് എട്ട് കോടിയുടെ നഷ്ടം കണക്കാക്കുന്നു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം.  

കനത്തമഴയില്‍ സംസ്ഥാനത്ത് 15 പേർ തിങ്കളാഴ്ച മരിച്ചു. മൂന്നു പേരെ കാണാതായി.  ഏതാണ്ട് എട്ട് കോടിയുടെ നഷ്ടം കണക്കാക്കുന്നു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം.  ദിവസങ്ങളായി മഴ തുടരുന്നതിനെ തുടര്‍ന്ന് വന്‍ നാശമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് വ്യാപകനാശം. ആശങ്കയ്ക്ക് ആക്കംകൂട്ടി, മറ്റന്നാള്‍വരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.  16 ശതമാനം അധികമഴയാണ് ഇത്തവണ കേരളത്തിലുണ്ടായത്. ജൂണ്‍ 1 മുതല്‍ 16 വരെ 122 സെ.മീ. മഴ ലഭിച്ചു. ഈ കാലയളവില്‍ കിട്ടേണ്ട ശരാശരി മഴ 105 സെ.മീ. ആണ്. തിങ്കളാഴ്ച എറണാകുളത്തും കോട്ടയത്തെ കുറവിലങ്ങാട് കോഴായിലും 23 സെ.മീ. മഴയാണ് രേഖപ്പെടുത്തിയത്. സമീപകാലത്തെ റെക്കോഡാണ് ഇത്.  

ഇതിനിടെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചിലപ്പോള്‍ 60-70  കി.മീ. വേഗത്തിലും കാറ്റിനു സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും തിരമാലകള്‍ മൂന്നര മുതല്‍ 4.9 മീറ്റര്‍ വരെ ഉയര്‍ന്നേക്കും. കേരള, ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്‍റെ മധ്യഭാഗത്തും തെക്കുപടിഞ്ഞാറ് ഭാഗത്തും വടക്കുഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഈ മുന്നറിയിപ്പ് നാളെ വരെ ബാധകമാണ്. 

കോട്ടയം തലപ്പലം മേലമ്പാറ കുന്നത്ത് കെ.വി. ജോസഫ് (55), കാഞ്ഞിരപ്പള്ളി സ്വദേശി ദീപു (28), കാഞ്ഞിരപ്പള്ളി ചെറുവള്ളി ആറ്റുപുറത്ത് ശിവൻകുട്ടി (55), പത്തനംതിട്ട ഓതറ സ്വദേശിയായ മനോജ്‌ കുമാർ, കൊല്ലം തേവലക്കര കൂഴംകുളങ്ങര വടക്കതിൽ വീട്ടിൽ അനൂപ് (കണ്ണൻ-12), കോയിവിള അജിഭവനത്തിൽ ബെനഡിക്ട് (46), തലശ്ശേരി പെരിങ്ങത്തൂർ കരിയാട് മുക്കാളിക്കരയിലെ വലിയത്ത് നാണി (68), മലപ്പുറം ചങ്ങരംകുളത്ത് ബകാഞ്ഞിയൂർ അദിനാൻ (14), വയനാട് 42-ാം മൈലിൽ അജ്മൽ, കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിൽ വെള്ളാരുക്കുത്ത് ആദിവാസിക്കോളനി നിവാസിയായ പുത്തൻപുരയിൽ ടോമി തോമസ് (57), ആലപ്പുഴ ജില്ലയില്‍ കനത്ത മഴയില്‍ നാല് പേര്‍ മരിച്ചു. കുട്ടനാട് തലവടി ആനാപറമ്പ് അന്ത്രപ്പള്ളി വീട്ടില്‍ വിജയന്‍(52), ചേര്‍ത്തല കായിപ്പുറം തോട്ടുങ്കല്‍ വിനു(42), ചെങ്ങന്നൂര്‍ കുന്നുകണ്ടത്തില്‍ പാണ്ടനാട് സുരേഷ്‌കുമാര്‍(41), ചേര്‍ത്തല തൈക്കാട്ടുശ്ശേരി ഫിഷര്‍മെന്‍കോളനിയില്‍ സുഭദ്ര(62) എന്നിവരാണ് മരിച്ചത്. കാലവര്‍ഷക്കെടുതിയില്‍  ഇന്നലെ ഒരു വീട് പൂര്‍ണമായും 45 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കുട്ടനാട് താലൂക്കിലാണ് ഒരു വീട് പൂര്‍ണമായി തകര്‍ന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 45 വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 9.38 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

ഇന്നലെ വിവിധ താലൂക്കുകളിലായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. അമ്പലപ്പുഴ (നാല്), ചേര്‍ത്തല (21), ചെങ്ങന്നൂര്‍ (12), കാര്‍ത്തികപ്പള്ളി (38) എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 4199 കുടുംബങ്ങളില്‍ നിന്നുള്ള 19708 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 1.24 കോടിയുടെ കൃഷി നാശമുണ്ടായി. മടവീഴ്ചയില്‍ 464 ഹെക്ടറിലെ കൃഷി നശിച്ചു. 24.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 425 മരങ്ങള്‍ കടപുഴകി വീണു. 350 നാണ്യവിള വൃക്ഷങ്ങളും കടപുഴകി. 69 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതില്‍ 42 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതേവരെ 8.65 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 6.12 കോടി കാര്‍ഷിക മേഖലയിലെ നഷ്ടമണ്. രണ്ടായിരത്തോളം ഹെക്ടര്‍ പ്രദേശത്തെ കൃഷികളും വിളകളും നശിച്ചതായാണ് കൃഷിവകുപ്പ് കണക്കാക്കിയിട്ടുള്ളത്. 16 വീടുകള്‍ പൂര്‍ണമായും 378 വീടുകള്‍ ഭാഗികമായും തകര്‍ന്നതില്‍ 1.03 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.  നിലവില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 46 കുടുംബങ്ങളില്‍ നിന്നുള്ള 166 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.ആലപ്പുഴയിലെ താഴ്ന്ന പ്രദേശത്തുള്ള ചുങ്കം-പള്ളാത്തുരുത്തി റോഡില്‍ വെള്ളംകയറി.ഇതോടെ ജനജീവിതം ദുസഹമായി.വീടുകളിലും വെള്ളം കയറിതുടങ്ങിയിട്ടുണ്ട്.റോഡു കവിഞ്ഞ് പറമ്പുകള്‍ വഴി വെള്ളം കൊമ്പന്‍കുഴി-കരുവേലി പാടശേഖരങ്ങളിലേക്ക് കയറുന്നത് കൃഷിയെ ദോഷകരമായി ബാധിക്കുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു. 

മാന്നാറിന്‍റെ പടിഞ്ഞാറൻ മേഖലയായ പാവുക്കരയിൽ പമ്പാനന്ദി കരകവിഞ്ഞു. ഇവിടെ മട വീഴ്ചക്ക് സാധ്യതയുള്ളതിനാൽ ജനം ഭീതിയിലാണ്. പാവുക്കര താമരവേലിൽ-മോട്ടോർ തറയ്ക്ക് സമീപാണ് പമ്പാനന്ദി കരവിഞ്ഞത് പമ്പാനദിയുടെ വളരെ വീതിയുള്ള ഭാഗമാണിത്. പമ്പയിൽ ശക്തമായ ഒഴുക്കുമുണ്ട്. ജലനിരപ്പുയർന്ന് താമരവേലിൽ ബണ്ട് റോഡ് കവിഞ്ഞ് വെള്ളം തെക്കോട്ട് ഒഴുകുമെന്ന നിലയിലാണ്. ഇനിയും ജലനിരപ്പുയർന്നതിനാൽ മട വീഴാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പുരയിടത്തിലേക്ക് ഒഴുകുന്ന ചിലഭാഗങ്ങളിൽ നാട്ടുകാർ മണ്ണുവെച്ച് ചെറിയ തടയണ ഉണ്ടാക്കി. എന്നാൽ ശക്തമായ ഒഴുക്കുണ്ടായാൽ ഈ തടയണയ്ക്ക് മുകളിലൂടെ വെള്ളമൊഴുകാനാണ് സാദ്ധ്യത. 

വയനാട്ടില്‍ കാറ്റില്‍ മരം വീണും മറ്റും പത്ത് വീടുകള്‍ തകർന്നു. പാല്‍ച്ചുരം ഉള്‍പ്പെടെ നിരവധിയിടങ്ങളില്‍ റോഡ് ഇടിഞ്ഞു. ശക്തമായ മഴയോടൊപ്പം കാറ്റ് കൂടിയായതോടെ കാർഷിക മേഖല തകർന്നു.  വാഴക്കൃഷിക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. വെള്ളം പൊങ്ങിയത് കാരണം വിളവെടുപ്പിന് പാകമായ കുലകള്‍ വെട്ടാന്‍കഴിഞ്ഞിട്ടില്ല. ചിലയിടങ്ങളില്‍ തോണിയിലാണ് വാഴക്കുല വിളവെടുപ്പ്.  പുല്‍പ്പള്ളി ആലത്തൂര്‍ ഇല്ലിച്ചോട് കൊല്ലംപറമ്പില്‍ രാജീവന്‍റെ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. തിങ്കളാഴ്ച രാവിലെയാണ് മരം കടപുഴകി വീണത്. സമീപത്ത് വേറെയും മരങ്ങള്‍ ഉള്ളതിനാല്‍ വീട്ടുകാര്‍ ഭീതിയിലാണ്. ശക്തമായ മഴയില്‍ പുല്‍പ്പള്ളി-മാനന്തവാടി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു. കോട്ടത്തറ മെച്ചനമേലെ ചുണ്ടറങ്കോട് രാമചന്ദ്രന്റെ വീടിന് മുകളിലും മരം വീണു. വീടിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ഏകദേശം 70000 രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പനമരം നെല്ലറാട്ടുക്കുന്ന് ആലൂര്‍ കെ.പി. ജയരാജന്‍റെ തൊഴുത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. നെടുമ്പാലയില്‍ കോമ്പൗണ്ടിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന്  സ്‌കൂള്‍ മതില്‍ ഇടഞ്ഞു വീണു. ആര്‍ക്കും പരിക്കില്ല.

തോല്‍പ്പെട്ടി നരിക്കല്ലില്‍ പരവക്കല്‍ മമ്മിയുടെ വീട് മഴയില്‍ തകര്‍ന്നു. വീടിന്‍റെ ഒരു ഭാഗം പൂര്‍ണമായും ഇടിഞ്ഞു വീണു. പേര്യയില്‍ മാനന്തവാടി തലശേരി റോഡ് ഇടിഞ്ഞുതാണു. പേര്യ 37ലാണ് 15 മീറ്റര്‍ നീളത്തില്‍ റോഡ് ഒരു ഭാഗം വീണുപോയത്. പാല്‍ച്ചുരം റോഡും ഇടിഞ്ഞു. ഇവിടെ രണ്ടാം വളവിനോട് ചേര്‍ന്നാണ് മണ്ണിടിഞ്ഞത്. ഇത് കാരണം വൈകുന്നേരം വരെ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തോടുകളെല്ലാം നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാല്‍ സമീപത്തെ പാടങ്ങളിലൊന്നും കൃഷിയിറക്കാനോ വാഴ, ഇഞ്ചി മുതലായവ വിളവെടുക്കാനോ കഴിയാത്ത അവസ്ഥയിലാണ്. സുല്‍ത്താന്‍ നമ്പിക്കൊല്ലിയില്‍ തോട് കരകവിഞ്ഞതിനാല്‍ സമീപത്തെ വീട്ടുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായാല്‍ ഇവരെ ദുരുതാശ്വാസ ക്യാമ്പിലേക്ക് മാറ്റാനാണ് അധികൃതരുടെ ആലോചന. എന്നാല്‍ ചില കുടുംബങ്ങള്‍ ഇതിനോട് സഹകരിക്കാത്ത സ്ഥിതിയുമുണ്ട്. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് കലക്ടര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ജല നിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍, കാരാപ്പുഴ ഡാമുകള്‍ തുറന്നതിനാല്‍ ഇതിന് പരിസരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

കാസർകോട് ജില്ലയില്‍ കനത്ത മഴയിൽ കാസർകോട് വ്യാപകമായ നാശനഷ്‌ടം. തൃക്കരിപ്പൂരിൽ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു. മിക്കപ്രദേശങ്ങളും വെള്ളത്തിനടിയിലായി. വൈദ്യുതി കമ്പിയിൽ മരം പൊട്ടി വീണതിനാൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. ഗതാഗതവും തടസ്സ പെട്ടു. ചന്ദേരയിൽ താമസിക്കുന്ന തൃക്കരിപ്പൂർ ആയിറ്റിപൊയ്യക്കടവിലെ എം.ടി.പി.മുസ്തഫയുടെ മകൻ ടി.പി.മുഹമ്മദ് മുഷറഫ(14)ആണ് മരിച്ചത്. ആയിറ്റിയിലെ ബന്ധുവീട്ടിൽ വീട്ടുകാരോടൊപ്പം വന്ന മുഹമ്മദ് മുഷറഫ് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ മണലെടുത്ത കുഴിയിൽ വീഴുകയായിരുന്നു. മറ്റുകുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ കുഴിയിൽ നിന്നും പുറത്തെടുത്ത് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരിക്കുകയായിരുന്നു.  പിലിക്കോട് ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ ഒൻപതാം തരം വിദ്യാർത്ഥിയാണ് മുഹമ്മദ് മുഷറഫ്. ടി.പി.സുലൈഖയാണ് മാതാവ്. മുബഷീർ, മുഹമ്മദ്, ഇബ്രാഹിം എന്നിവർ സഹോദരങ്ങളാണ്.

താഴ്ന്ന പ്രദേശങ്ങളായ നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, മുണ്ടേമാട്, ചെമ്മക്കാര, അഡോൾ, കീഴ്മാല എന്നീ സ്ഥലങ്ങളിലാണ് വെള്ളം നിറഞ്ഞു നിൽക്കുന്നത്. തൃക്കരിപ്പൂർ താലിചാലം ഇളമ്പച്ചി റെയിൽവേ അടിപാതയിൽ അപകടകരമാം വിധത്തിൽ വെള്ളക്കെട്ട്‌ ഉയർന്നിരിക്കുകയാണ്. ശക്തമായ കാറ്റിൽ വെള്ളരിക്കുണ്ട് ടൗണിൽ മരം റോഡിലേക്ക് പൊട്ടിവീണ് മണിക്കൂറുകളോളം മലയോരത്തേക്കുള്ള ഗതാഗതം തടസ്സപെട്ടു. വലിയപറമ്പ, ഉപ്പള , തൈക്കടപ്പുറം എന്നിവിടങ്ങളിൽ കടലാക്രമണം രൂക്ഷമായിട്ടുണ്ട്. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ