മുന്‍പേ പോയ വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡില്‍ നിന്നും തെന്നിനീങ്ങുകയായിരുന്നു.

ആലപ്പുഴ: കൊമ്മാടിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ദേശീയപാതയില്‍ നിന്നും തെന്നി മാറി. ഇന്നലെ വൈകുന്നേരം 5.15 ഓടെയായിരുന്നു സംഭവം. മുന്‍പേ പോയ വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാത്ത് നില്‍പ്പ് പുരയുടെ പുറക് വശത്തുള്ള വെള്ളക്കെട്ടിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം റോഡരുകില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. തല നാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. 

കലവൂര്‍-ഇരട്ടക്കുളങ്ങര റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രഭാതം എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. സംഭവം അറിഞ്ഞ് നാട്ടുകാര്‍ റോഡില്‍ തടിച്ച് കുട്ടിയത് ഗതാഗത തടസത്തിന് കാരണമായി. ട്രാഫിക്ക് പൊലീസ് സ്ഥലത്തെത്തി ബസ് ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ബസ് അമിത വേഗത്തില്‍ ആയിരുന്നുവെന്ന് ദൃക്സാസാക്ഷികൾ പറയുന്നു.