സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ തീകൊളുത്തികൊന്ന കേസ്

കോഴിക്കോട്: സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ തീകൊളുത്തികൊന്ന കേസിലെ പ്രതിയെ പിടികൂടിയത് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍. പുതുപ്പാടി കൈതപൊയിലിൽ സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന സജി കുരുവിളയെ ആലപ്പുഴ സ്വദേശി സുമേഷ് കുമാറാണ് തീകൊളുത്തിക്കൊന്നത്.കൃത്യം നടത്തി മുങ്ങിയ യുവാവിന്‍റെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ നീക്കമാണ് ലക്ഷ്യം കണ്ടത്.

ഇയാൾ ഇടയ്ക്കിടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതും സിം കാർഡുകൾ പലതവണയായി മാറ്റിയതും അന്വേഷണ സംഘത്തിനെ കുഴപ്പത്തിലാക്കിയിരുന്നു. കുറ്റകൃത്യം നടത്തിയ ശേഷം കോഴിക്കോട് ബീച്ചിനു സമീപത്തുള്ള ആഡംബര ഫ്ലാറ്റിൽ സുമേഷ് എത്തി മടങ്ങിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ മലപ്പുറം ജില്ലയിലെ തിരൂർ ഭാഗത്തുള്ള വൻകിട ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പ്ലബ്ബിങ് ജോലി ചെയ്തെന്ന് പൊലീസ് മനസിലാക്കി.

തിരൂർ ഭാഗത്ത് നടത്തിയ അന്വേഷണത്തിൽ ഫ്ലാറ്റിൽ സുമേഷ് എത്തിയെന്ന് പൊലീസിന് മനസിലായി. തുടർന്ന് പൊലീസ് തലക്കടത്തൂരിനു സമീപമുള്ള വാടക റൂമിനു പരിസരത്തു ഇയാൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തുകയുമായിരുന്നു. അന്വേഷണ സംഘം സുമേഷ് ലോഡ്ജിനു സമീപത്തു ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയും അന്വേഷണോദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായി കീഴ്പ്പെടുത്തുകയുമായിരുന്നു. നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതിയെ 48 മണികൂറിനുള്ളിൽ പിടികൂടാനായത് പൊലീസിന് നേട്ടമായി. തിരൂർ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു താമര‌ശേരി പൊലീസിന്‍റെ അന്വേഷണം.