തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്നയാളോട് ക്രൂരമായ പെരുമാറ്റവുമായി ജീവനക്കാരന്‍

By Web DeskFirst Published Mar 29, 2018, 10:38 AM IST
Highlights
  • തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്നയാളുടെ കൈവിരലുകള്‍ പിടിച്ച് ഞെരിച്ച് ജീവനക്കാരന്‍
  • കൈവിരലുകള്‍ പിടിച്ച് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള വാഗ്ദാനങ്ങളും പദ്ധതികളും മുടക്കമില്ലാതെ തുടരുമ്പോള്‍ രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തില്‍ മാറ്റമില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്നയാളോട്  ക്രൂരത കാണിച്ച് അറ്റന്‍ഡര്‍. വൃദ്ധന്റെ കൈവിരലുകൾ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് രോഗിനിലവിളിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. നഴ്സിങ് അസിസ്റ്റന്റ് സുനിൽ കുമാറിന്റെ ക്രൂരതയ്ക്കിരയായത് വിളക്കുപാറ സ്വദേശി വാസുവായിരുന്നു. 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വാർഡായ പതിനഞ്ചിലാണ് സംഭവം. അപകടം പറ്റി കാലോടിഞ്ഞതിനെ തുടർന്ന് കമ്പി ഇട്ടു കിടക്കുന്ന രോഗിയോടാണ് ആ വാർഡിലെ നഴ്സിങ് അസിസ്റ്റന്റ് സുനിൽ കുമാര്‍ ക്രൂരമായി പെരുമാറുന്നത്. രോഗിയുടെ കൈവിരലുകൾ ഇയാൾ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും രോഗിയെ അടിക്കാൻ കൈ ഓങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

സമീപത്തുണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സാമൂഹ്യമാധ്യമങ്ങളിൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. രോഗിയോട് മോശമായി പെരുമാറിയ ജീവനക്കാരനെ പിരിച്ചുവിടണമെന്നും  വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി ഉടൻ ഇടപെടണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

രോഗിയോട് ക്രൂരത കാണിച്ച നഴ്സിങ് അസിസ്റ്റന്റ് സുനിൽ കുമാറിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സോഷ്യൽ മീഡിയ വഴി പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് തീരുമാനം. ഡെപ്യൂട്ടി സൂപ്രണ്ടും നഴ്സിങ് ഓഫീസറും നേരിട്ടെത്തി അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. റിപ്പോർട്ട് ഇന്ന് തന്നെ സൂപ്രണ്ടിന് കൈമാറും. 

 

click me!