വാഹന പരിശോധനയ്ക്കിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്

By Web DeskFirst Published Feb 27, 2018, 9:42 PM IST
Highlights
  • പൊലീസിന്റെ അനാസ്ഥയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കായി സി.ഐ അടങ്ങുന്ന പൊലീസ് സംഘം പിടിച്ചുനിര്‍ത്തുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്. പൊലീസിന്റെ അനാസ്ഥയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു. മലയിന്‍കീഴ് പാലോട്ടുവിള സ്വദേശി നിഥിന്(25)ആണ് പരുക്കേറ്റത്. 

തിങ്കളാഴ്ച രാത്രി 7.30ന് മലയിന്‍കീഴ് പാപ്പനംകോട് റോഡില്‍ നാലാംകല്ല് ജംക്ഷനു സമീപമാണ് സംഭവം. പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ നിഥിനിന്റെ ബൈക്കിനെ പൊലീസ് ചാടി വീണു പിടിച്ചപ്പോഴാണ് അപകടമെന്ന് പുറകെ വന്ന മറ്റ് വാഹന യാത്രക്കാര്‍ പറഞ്ഞു. ബോധരഹിതമായി റോഡരികില്‍ കിടന്ന നിഥിനിനെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

യാത്രമധ്യേ ആംബുലന്‍സില്‍ കയറ്റി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. നിലവില്‍  ആശുപത്രി രേഖയിലും പൊലീസ് പരിശോധനക്കിടെയാണ് അപകടമെന്നാണ് എഴുതിയിട്ടുള്ളത്. അതേസമയം തലയ്ക്കും കയ്യിനും
ഗുരുതര പരുക്കുള്ളതിനാല്‍ നിഥിനില്‍ നിന്നും മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 

അപകട ശേഷം സ്ഥലത്തുണ്ടായിരുന്നവര്‍ എടുത്ത മൊബൈല്‍ വീഡിയോയില്‍ യാത്രക്കാര്‍ ശക്തമായ പ്രതിഷേധിക്കുന്നുണ്ടെങ്കിലും പൊലീസ് ഒന്നും പ്രതികരിക്കാതെ നില്‍ക്കുന്നത് വ്യക്തമാണ്. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചു. പരിശോധനയ്ക്കായി ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ എതിരെ വന്ന വാഹനത്തില്‍ ഇടിച്ചാണ് മറിഞ്ഞതെന്ന് സി.ഐ ജയകുമാര്‍ പറഞ്ഞു. 

മെഡിക്കല്‍ കോളേജില്‍ നിന്ന് നിധിനെ ഇപ്പോള്‍ മലയിന്‍കീഴ് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടശേഷം ഭയത്തില്‍ മാനസികമായി തളര്‍ന്ന നിഥിന്റെ നില മെച്ചപ്പെട്ട ശേഷം ഉയര്‍ന്ന പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് നിധിന്റെ കുടുംബം അറിയിച്ചു. 


 

click me!