107 ശതമാനം പദ്ധതി തുക ചെലവഴിച്ച് സി എന്‍ ജയദേവന്‍ എംപി

By web deskFirst Published Jul 13, 2018, 11:33 AM IST
Highlights
  • 376 പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുകയും അതില്‍ 305 എണ്ണം പൂര്‍ത്തിയാക്കുകയും ചെയ്തു.

തൃശൂര്‍: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തൃശൂര്‍ പാര്‍ലമെന്‍റ്  മണ്ഡലത്തില്‍ 107 ശതമാനം പദ്ധതി തുക ചെലവഴിച്ചതായി സി എന്‍ ജയദേവന്‍ എം പി. ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന എംപി ഫണ്ട് അവലോകന യോഗത്തിലാണ് ജയദേവന്‍  ഇക്കാര്യം വിശദീകരിച്ചത്. 1348 ലക്ഷം രൂപയാണ് ഇക്കാലയളവില്‍ ചെലവഴിച്ചിട്ടുള്ളത്. 

376 പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുകയും അതില്‍ 305 എണ്ണം പൂര്‍ത്തിയാക്കുകയും ചെയ്തു. 71 പ്രവൃത്തികള്‍ നിര്‍മ്മാണഘട്ടത്തിലാണ്. ഫണ്ട് ആവശ്യമുള്ളതും പൂര്‍ത്തീകരിക്കാനുള്ളതുമായ പ്രവൃത്തികള്‍ക്ക് തുക നല്‍കുന്നത് പരിഗണിക്കും. ശേഷിക്കുന്ന പ്രവൃത്തികള്‍ 2018 ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കാനും എം പി നിര്‍ദ്ദേശിച്ചു. മഴക്കാലമായതിനാല്‍ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കരുതെന്നും സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് വരെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വച്ച് നീട്ടരുതെന്നും എംപി നിര്‍ദ്ദേശം നല്‍കി. 

യഥാസമയം ചെയ്തുതീര്‍ക്കേണ്ട റോഡ്, കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ ചെയ്തുതീര്‍ക്കണമെന്നും അതിനുള്ള ഫണ്ട് മുഴുവനായും ചെലവഴിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍ദ്ദേശിച്ചു. ചെറിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ജൂലായില്‍തന്നെ പൂര്‍ത്തിയാക്കണം. പൂര്‍ത്തിയാക്കിയ നിര്‍മ്മാണങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കാലതാമസമുണ്ടാകരുത്. അവയുടെ ഉദ്ഘാടനം ഓഗസ്റ്റിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

2018-19 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി 3 കോടി 65.80 ലക്ഷം രൂപയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നേരത്തെ സമര്‍പ്പിച്ചിരുന്നു. തൃശൂരില്‍ 44.50 ലക്ഷവും, പുതുക്കാടിന് 56.50 ലക്ഷവും, ഒല്ലൂരിന് 45.50 ലക്ഷവും, നാട്ടികയ്ക്ക് 46.30 ലക്ഷവും, മണലൂരിന് 50 ലക്ഷവും, ഇരിങ്ങാലക്കുടക്ക് 55 ലക്ഷവും, ഗുരുവായൂരിന് 68 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതികള്‍ 2018 ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയത്. 

click me!