സിപിഎം സമ്മേളനത്തില്‍ കാനവും  മാണിയും ഒരേ വേദിയില്‍

Published : Feb 17, 2018, 03:06 PM ISTUpdated : Oct 05, 2018, 12:49 AM IST
സിപിഎം സമ്മേളനത്തില്‍ കാനവും  മാണിയും ഒരേ വേദിയില്‍

Synopsis

തൃശൂര്‍: പൂരങ്ങളുടെ നാട്ടില്‍ 37 വര്‍ഷത്തിന് ശേഷം നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് ഫെബ്രുവരി 22ന് പുന്നപ്ര-വയലാര്‍ സമരനായകനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. തൃശൂര്‍ കെ.ടി മുഹമ്മദ് സ്മാരക റീജ്യണല്‍ തിയറ്ററില്‍ സജ്ജമാക്കിയ വി.വി.ദക്ഷിണാ മൂര്‍ത്തി നഗറിലാണ് 25വരെ പ്രതിനിധി സമ്മേളനം നടക്കുക. 

ഘടകസമ്മേളനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 475 പ്രതിനിധികള്‍ക്ക് പുറമെ, 87 സംസ്ഥാന കമ്മിറ്റി അംഗങ്ങളും നാല് സംസ്ഥാന കമ്മിറ്റി ക്ഷണിതാക്കളും അടക്കം 566 പേരാണ് പങ്കെടുക്കുന്നത്. 16 നിരീക്ഷകരും സമ്മേളനത്തിലുണ്ടാവും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

ഒരുക്കം തകൃതി

സംസ്ഥാന സമ്മേളനത്തിനായി തൃശൂര്‍ ജില്ലയില്‍ വലിയ ഒരുക്കങ്ങളാണ് തുടരുന്നത്. ഗ്രാമ-നഗര വീഥികളെല്ലാം ഒന്നിടവിടാതെ ചുവന്ന കൊടിതോരണങ്ങളാല്‍ ശൃംഖലയാക്കിയിരിക്കുകയാണ്. പാതയോരങ്ങളിലും കവലകളിലും ശ്രദ്ധായകര്‍ഷിക്കും വിധം പുഴകളിലും തടാകങ്ങളിലും ഉള്‍പ്പടെ അലങ്കാര കുടിലുകളുണ്ട്. തൃശൂര്‍ പട്ടണത്തില്‍ വന്‍തോതില്‍ പരസ്യബോര്‍ഡുകള്‍ നിറഞ്ഞു. പൊതുസമ്മേളനം നടക്കുന്ന തേക്കിന്‍കാട് മൈതാനവും സ്വരാജ് റൗണ്ടും അലങ്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. 

എംജി റോഡിലെ സ്വാഗതസംഘം ഓഫീസും പൂരം പ്രദര്‍ശന നഗരിയിലെ വിദ്യാഭ്യാസ-സാംസ്‌കാരി എക്സിബിഷനും സദാസജീവമാണ്. സിപിഎം പ്രവര്‍ത്തകരുടെ കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളുമെല്ലാം സമ്മേളനത്തിന് വരവറിയിച്ചുള്ള പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ട്. പാര്‍ട്ടി ഓഫീസുകളെല്ലാം ഉത്സവഛായയിലാണ് അലങ്കരിച്ചിട്ടുള്ളത്. ഹരിത നിയമാവലി ഉയര്‍ത്തിപിടിച്ചുള്ള പ്രചാരണമാണ് ജില്ലയിലെങ്ങും. ഫ്ളക്സും പ്ലാസ്റ്റിക്കും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

ദീപശിഖകള്‍ എത്തുന്നതോടെ 21ന് സമ്മേളന ആരവമുയരും. കയ്യൂരില്‍ നിന്ന് സമ്മേളന നഗരിയില്‍ ഉയര്‍ത്തുവാനുള്ള പതാകയും വയലാറില്‍ നിന്ന് കൊടിമരവും എം.വി ഗോവിന്ദന്‍ മാസ്റ്ററും ആനത്തലവട്ടം ആനന്ദനും നേതൃത്വം നല്‍കുന്ന ജാഥകളായി 21ന് തൃശൂരിലെത്തും. 577 രക്തസാക്ഷി സ്മൃതി മണ്ഡപങ്ങളില്‍ നിന്ന് ദീപശിഖകളും തൃശൂരിലെത്തിക്കും. കാസര്‍കോട്  പൈവെളികെയില്‍ നിന്ന് ടി.വി രാജേഷിന്റെ നേതൃത്വത്തിലും തിരുവനന്തപുരത്തുനിന്ന് വി.ശിവന്‍കുട്ടിയുടെയും നേതൃത്വത്തിലുള്ള ദീപശിഖാപ്രയാണങ്ങളിലേക്ക് ഓരോ സ്മൃതി മണ്ഡപങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍ ലയിക്കും.

തിരുവനന്തപുരത്തുനിന്ന് 15നും കാസര്‍കോട് നിന്ന് 16നും ദീപശിഖകള്‍ പുറപ്പെട്ടുകഴിഞ്ഞു. തെക്കന്‍ മേഖലാ ദീപശിഖാപ്രയാണം 20ന് വൈകീട്ട് തൃശൂരിന്റെ അതിര്‍ത്തിയായ പൊങ്ങത്ത് പ്രവേശിക്കും. വടക്കന്‍ജാഥകള്‍ 21ന് രാവിലെ ജില്ലാ അതിര്‍ത്തിയായ രാവിലെ ചെറുതുരുത്തിയില്‍ എത്തും. പാലക്കാട് ജില്ലയില്‍ നിന്നുള്ള ദീപശിഖകള്‍ ഉച്ചക്ക് രണ്ടിന് വാണിയമ്പാറയിലും പ്രവേശിക്കും. ഇതോടെ സമ്മേളനത്തിന് ആരവമാകും.

മൂന്ന് കേന്ദ്രങ്ങളില്‍ വച്ച് സമ്മേളന സംഘാടക സമിതി ഭാരവാഹികള്‍ ദീപശിഖകള്‍ ഏറ്റുവാങ്ങി ജില്ലയിലെ 8000 അത്ലറ്റുകള്‍ സമ്മേളന നഗരിയിലെത്തിക്കും. ജില്ലയിലെ 58 രക്തസാക്ഷി സ്മൃതി മണ്ഡപങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍ വ്യത്യസ്ഥ കേന്ദ്രങ്ങളില്‍ വച്ച് പതാക-കൊടിമര-ദീപശിഖാ ജാഥകളിലേക്ക് സംഗമിക്കും. തൃശൂര്‍ ഏരിയയിലെ രണ്ട് ദീപശിഖകള്‍ ചെട്ടിയങ്ങാടിയിലെ അഴീക്കോടന്‍ രക്തസാക്ഷി മണ്ഡപത്തില്‍ സംഗമിച്ച് സമ്മേളന നഗരിയിലെത്തും. 

പിണറായി ദീപശിഖ തെളിയിക്കും

577 രക്തസാക്ഷികളുടെ സ്മരണകളിരമ്പുന്ന ദീപശിഖകള്‍ തേക്കിന്‍കാട് മൈതാനത്ത് സജ്ജമാക്കിയ കെ.കെ.മാമക്കുട്ടി നഗറില്‍ സംഗമിക്കുമ്പോള്‍ സമ്മേളനത്തിന്റെ ആരവം ഉച്ചസ്ഥായിയിലെത്തും. മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുനായ പിണറായി വിജയന്‍ ദീപശിഖ സമ്മേളന നഗരിയില്‍ തെളിയിക്കും.
സിപിഎം-ആര്‍എസ്എസ് സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ട സിപിഎം രക്തസാക്ഷികളുടെ സ്മൃതി മണ്ഡപങ്ങളില്‍ നിന്നുള്ള ദീപശിഖായാത്രകള്‍ക്ക് രാഷ്ട്രീയമാനങ്ങളുണ്ട്. ഇതാദ്യമായാണ് സംസ്ഥാന സമ്മേളന നഗരിയിലേക്ക് ഒന്നിലേറെ സ്മൃതി കേന്ദ്രങ്ങളില്‍ നിന്ന് ദീപശിഖകള്‍ എത്തുന്നത്. കൊടിമരവും പതാകയും ഏറ്റുവാങ്ങി സമ്മേളന നഗരിയില്‍ സ്ഥാപിക്കും. സംസ്ഥാന സെക്രട്ടേറിയറ്റംഗവും സ്വാഗതസംഘം ചെയര്‍മാനുമായ ബേബി ജോണ്‍ പതാക പൊതുസമ്മേളന വേദിയില്‍ ഉയര്‍ത്തും.

സെമിനാറുകള്‍ 18 മുതല്‍

സമ്മേളനത്തിന്റെ ഭാഗമായി 24 വരെ വിവിധ സെമിനാറുകള്‍ നടക്കും. മുന്നണി രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ചര്‍ച്ച കൊടുമ്പിരി കൊണ്ടിരിക്കെ കാനം രാജേന്ദ്രനെയും കെ.എം മാണിയെയും ഒരേ വേദിയില്‍ കൊണ്ടുവരുന്നതാണ് സെമിനാറില്‍ ശ്രദ്ധേയം. അതും മാണി വിരുദ്ധ നിലപാടുള്ള വി.എസ് അച്യുതാനന്ദന്റെ അധ്യക്ഷതയിലും. 23ന് തേക്കിന്‍കാട് മൈതാനത്തെ പൊതുവേദിയിലാണിത്.

സെമിനാറുകളില്‍ ആദ്യത്തേത് ഞായറാഴ്ച രാവിലെ 10ന് കേരള സാഹിത്യ അക്കാദമിയില്‍ നടക്കും. ജാതിവ്യവസ്ഥയും ഇന്ത്യന്‍ സമൂഹവും എന്ന വിഷയത്തിലാണിത്. 19ന് നാല് മണിക്ക് അക്കാദമിയില്‍ 'മാധ്യമങ്ങളും കോര്‍പറേറ്റുകളും ചങ്ങാത്ത മുതലാളിത്തവും' എന്ന വിഷയത്തിലാണ് സെമിനാര്‍. 20ന് ഭാരതീയ ചിന്തയുടെ ബഹുസ്വരത എന്ന വിഷയത്തില്‍ വൈകീട്ട് നാലിന് സെമിനാര്‍ നടക്കും. 22ന് സംസ്‌കാരവും പ്രത്യയശാസ്ത്രവും എന്ന വിഷയത്തിലുള്ള സെമിനാര്‍ തേക്കിന്‍കാട് മൈതാനത്താണ്. 24ന് നവലിബറല്‍ നയങ്ങളുടെ കാല്‍നൂറ്റാണ്ട് എന്ന വിഷയത്തിലും സെമിനാര്‍ നടക്കും.

സമാപനത്തിന് റെഡ് വളണ്ടിയര്‍ മാര്‍ച്ച് 

25ന് ഉച്ചക്ക് റെഡ് വളണ്ടിയര്‍മാരുടെ മാര്‍ച്ചോടെയാണ് സംസ്ഥാന സമ്മേളനത്തിന് സമാപനമാവുക. രണ്ട് മണിക്ക് നഗരത്തിലെ നാല് കേന്ദ്രങ്ങളില്‍ നിന്നായി തൃശൂര്‍ ജില്ലയില്‍ നിന്നുള്ള വളണ്ടിയര്‍മാരുടെ മാര്‍ച്ച് ആരംഭിക്കും. ബഹുജന പ്രകടനം ഒഴിവാക്കിയ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ രണ്ട് ലക്ഷം പേരെ പങ്കെടുപ്പിക്കും.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ