മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിന് നേരെ ആക്രമണം

By Web DeskFirst Published Apr 22, 2018, 9:37 PM IST
Highlights
  • ആക്രമണമുണ്ടായത് പഴയ അമ്പതു രൂപ നല്‍കിയതിന്റെ പേരില്‍ 

ഇടുക്കി. മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും കുടുംബത്തെയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ക്രൂരമായ മര്‍ദ്ദനത്തില്‍ കൊടുങ്ങല്ലൂര്‍ ഡപ്യൂട്ടി കളക്ടര്‍ ഓഫീസിലെ ഉദ്യോഗസ്ഥനായ ഇടമ്പാടത്തു അജിത് (43), മൂന്നാര്‍ ആനട്ടാല്‍ സ്വദേശി പി.കെ.ശശീന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നാര്‍ എസ്.ഐ. ലൈജുമോന്റെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസ് കൊരങ്ങണി പൊലീസിന് തുടര്‍ അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്. 

ഇരുമ്പുവടി കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ അജിത് കുമാര്‍ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നാറിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രവും കേരള- തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമായ ടോപ്പ് സ്റ്റേഷനില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്കായിരുന്നു സംഭവം. മൂന്നാറില്‍ നിന്ന് നാല്‍പ്പത്തി മൂന്നു കിലോമീറ്റര്‍ അകലെയുള്ള ടോപ്പ് സ്റ്റേഷനില്‍ നിന്നും മൂന്നു മണിക്കൂറിനു ശേഷമാണ് പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയിലെത്തിച്ചത്. മൂന്നാറിലെ ആനച്ചാലിലുള്ള റിസോര്‍ട്ടില്‍ നിന്നും ഞായറാഴ്ച്ച രാവിലെയാണ് എട്ടംഗ സംഘം ടോപ്പ് സ്റ്റേഷനിലെത്തിയത്.
 
ഉച്ചയോടെ ടോപ്പ്‌സ്റ്റേഷനിലുള്ള വഴിയോര കച്ചവടക്കാരനില്‍ നിന്നും മുറിച്ച പൈനപ്പില്‍, മാങ്ങ തുടങ്ങിയവ വാങ്ങിയ ശേഷം നല്‍കിയ അമ്പതു രൂപയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. അജിത് കുമാര്‍ നീട്ടിയ അമ്പതു രൂപ പഴകിയതാണെന്നും പുതുതായി ഇറക്കിയ അമ്പതു രൂപ നല്‍കണമെന്നും കടക്കാരന്‍ പറഞ്ഞതോടെ മറ്റു നോട്ടുകള്‍ ഒന്നും കൈയ്യില്‍ ഇല്ലെന്നും എല്ലാം നാട്ടില്‍ തന്നെ എടുക്കുന്നതാണെന്നും പറഞ്ഞതോടെ കടക്കാരന്‍ പൈനാപ്പിള്‍ അജിത് കുമാറിന്റെ മുഖത്തേക്ക് വലിച്ചെറിയുകയായിരുന്നു. 

ഇത് നിയമപരമായി നേരിടുമെന്ന് അജിത് പറഞ്ഞതോടെ ആക്രോശിച്ച് പാഞ്ഞടുത്ത കടയുടമ ഇരുമ്പുവടിയുമായി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ചോരയൊലിച്ചിട്ടും വീട്ടുകാര്‍ അലമുറയിട്ടിട്ടും പിന്മാറാന്‍ കൂട്ടാക്കാതെ തുടര്‍ന്ന ആക്രമികളെ സഹായിക്കുവാന്‍ മറ്റു മൂന്നു പേര്‍ കൂടിയെത്തി. നാലു പേര്‍ വളഞ്ഞിട്ട് ആക്രമിച്ചിട്ടും നാട്ടുകാര്‍ ആരും തിരഞ്ഞു നോക്കിയിലെന്ന് പരിക്കേറ്റ അജിത്കുമാര്‍ പറഞ്ഞു. വിനോദസഞ്ചാരത്തിനായി എത്തിയ അതേ വാഹനത്തില്‍ തന്നെയാണ് പരിക്കറ്റവരെ ആശപത്രിയിലെത്തിച്ചത്. 

മാട്ടുപ്പെട്ടിയിലെ ഗതാഗതക്കുരുക്കും ആശുപത്രിയിലെത്തുവാന്‍ വൈകുന്നതിന് ഇടയാക്കി. ടോപ്പ് സ്റ്റേഷന്‍, മാട്ടുപ്പെട്ടി തുടങ്ങി അനുദിനവും നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന സ്ഥലത്ത് ഒരു പൊലീസുകാരന്‍ പോലും സഹായത്തിനില്ലാത്തത വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്ന് പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.
 
 

click me!