
ആലപ്പുഴ : കാറ്റിലും മഴയിലും ഹരിപ്പാട് മുതുകുളം 13-ാം വാർഡ് വിനോദ് ഭവനത്തിൽ വിനോദിന്‍റെ വീടിന് മുകളിലേക്ക് മരം വീണു. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീടിന് വടക്കുഭാഗത്ത് നിന്നിരുന്ന പൂവരശ് വീണത്. ഓടുമേഞ്ഞ വീടിന്‍റെ അടുക്കളയുടെയും ചേർന്നുളള മുറിയുടെയും മേൽക്കൂര പൂർണ്ണമായും തകർന്നു. ഭിത്തിക്കും കേടുപാടുണ്ട്.
ശുചിമുറിയുടെ ഭിത്തി താങ്ങിനിർത്തിയതിനാലാണ് കൂടുതൽ നാശമോ അപകടമോ ഉണ്ടാകാഞ്ഞത്. ഷീറ്റ് മേഞ്ഞ ശുചിമുറിയുടെ മേൽക്കൂരക്കും നാശമുണ്ടായി. കുടുംബം തൊട്ടടുത്തുളള മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. ഉറങ്ങിയിരുന്ന മുറിയുടെ മുകളിലേക്ക് മരം മറിയാതിരുന്നതും വലിയ അപകടം ഒഴിവായി.