
തൃശൂര്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ നെട്ടുകാല്‍ത്തേരി ജയിലില്‍ കഴിയുന്നയാളുടെ മക്കളുടെയും അമ്മയുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പ്രതിയുടെ അച്ഛന്‍ വാഹനമിടിച്ച് മരിച്ചതോടെ കുടുംബം അനാഥമായ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഉത്തരവ്.
അപ്പൂപ്പന്റെ സംരക്ഷണയിലായിരുന്നു തടവുകാരന്റെ മക്കള്‍ കഴിഞ്ഞുവന്നിരുന്നത്. പ്രതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍, കൊടുങ്ങല്ലൂര്‍ പൂല്ലൂറ്റ് എടത്തി പറമ്പില്‍ ഹൗസില്‍ ഇ.ആര്‍ യദുരാജ് സമര്‍പ്പിച്ച പരാതിയിലാണ് മൂന്നു മക്കളെയും അമ്മൂമ്മയെയും സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പ്രതിയുടെ അച്ഛന്‍ മുരളീധരന്‍ (65) ഇക്കഴിഞ്ഞ ജൂണ്‍ 13 നാണ് ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റോഡില്‍ നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. പകല്‍ നടന്ന അപകടമായിട്ടും പ്രതിയെ പിടികൂടാനോ വാഹനവും കണ്ടെത്താനോ പോലീസിന് കഴിഞ്ഞില്ല. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചില്ല. മുരളീധരന്റെ ഭാര്യയും കുട്ടികളുടെ അമ്മൂമ്മയുമായ തങ്കം രോഗിയാണ്
അമ്മൂമ്മക്ക് തങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും വാഹനാപകട കേസ് ക്രൈം ബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും യദുരാജ് ആവശ്യപ്പെട്ടു. വാഹനാപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇത് ക്രൈംബ്രാഞ്ചിന് കൈമാറിയതായും കൊടുങ്ങല്ലൂര്‍ പൊലീസ് കമ്മീഷനെ അറിയിച്ചു.
യദുരാജിന്റെ കുടുംബം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതാണെന്നും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് താങ്ങാനാവാത്തതിനാല്‍ പരാതിക്കാരനായ യദുരാജ് പഠനം നിര്‍ത്തി വീട്ടിലാണെന്ന് സാമൂഹ്യനീതി ഓഫീസര്‍ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരന്റെ മൂത്ത സഹോദരന്‍ മിഥുന്‍ രാജ്(21) കൂലിപ്പണിക്ക് പോകുന്നു. രണ്ടാമത്തെ കുട്ടി പ്ലസ് വണ്‍ ക്ലാസില്‍ ചേര്‍ന്നു. കുടുംബത്തിന്റെ സംരക്ഷണവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഏറ്റവും അര്‍ഹമായ സഹായമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുരളീധരന്റെ പേരില്‍ പേരില്‍ ഒരു സമാശ്വാസവും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. സ്വന്തമായി വീടില്ലാത്ത കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്. കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം തൃശൂര്‍ റേഞ്ച് ഐ.ജി വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഉത്തരവ് സാമൂഹ്യനീതിവകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും അയച്ചുകൊടുത്തു. വിവരം സാമൂഹീകനീതിവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലെത്തിക്കുന്നതിന് പ്രൈവറ്റ് സെക്രട്ടറിക്കും അയച്ചതായി കമ്മീഷന്‍ അറിയിച്ചു.