പഠനകാലത്ത് തൊട്ടറിഞ്ഞ കാഴ്ചകളെ ഓർത്തെടുത്ത് കേരളവർമ്മയിലൊരു അപൂര്‍വ്വ സംഗമം

വത്സന്‍ രാമംകുളത്ത് |  
Published : Mar 22, 2022, 05:44 PM IST
പഠനകാലത്ത് തൊട്ടറിഞ്ഞ കാഴ്ചകളെ ഓർത്തെടുത്ത് കേരളവർമ്മയിലൊരു അപൂര്‍വ്വ സംഗമം

Synopsis

അന്ന് ഉള്‍ക്കാഴ്ചയില്‍ തൊട്ടറിഞ്ഞ അനുഭവങ്ങള്‍ അവർക്കുള്ളിലേക്ക് തികട്ടിവന്നു... ആ ഓർമ്മയില്‍ രഞ്ജിത്ത് പാടി... ഇരുളിന്‍ മഹാനിദ്രയില്‍ നിന്ന്... ഉണത്തി നീ...

തൃശൂര്‍: പാഠങ്ങളുടെയും പ്രണയങ്ങളുടെയും ഇൻക്വിലാബിന്‍റെയും മധുരസ്മരണകൾ മണൽത്തരിപോലെ ചിതറിക്കിടക്കുന്ന  കേരളവർമ്മ കോളജിന്‍റെ ഇടനാഴികളും പച്ചപ്പണിഞ്ഞ ഊട്ടിയും അകകണ്ണുകളിലൂടെ അവർ വീണ്ടും കണ്ടു; സമ്പന്നമായ ആ കാഴ്ച്ചകള്‍ ഒരിക്കൽക്കൂടി നെഞ്ചേറ്റി ഓർമ്മകൾക്ക് വർണ്ണം പകരുകയായിരുന്നു അവർ. അവിടെ അവരെ വരവേല്‍ക്കാന്‍ അത്രമേല്‍ പ്രിയമുള്ള നിമിഷങ്ങള്‍ പങ്കിട്ട അധ്യാപകരുണ്ടായിരുന്നു. അവരെ കൈ പിടിച്ചു നടത്തിയവര്‍, അവര്‍ക്കായി പാഠഭാഗങ്ങള്‍ ഉച്ചത്തില്‍ ഉരുവിട്ട സഹപാഠികള്‍. ഹൃദയം നിറഞ്ഞ നിമിഷങ്ങള്‍ക്കാണ് ശ്രീ കേരളവര്‍മ്മ കലാലയം സാക്ഷ്യം വഹിച്ചത്. 

1952 മുതല്‍ കേരള വര്‍മ്മയില്‍ പഠിച്ച കാഴ്ച്ച പരിമിതരായ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരലായിരുന്നു വേദി. വിധി നല്‍കിയ മങ്ങിയ വെളിച്ചത്തിലും കേരളവര്‍മ്മ പകര്‍ന്നത് ഉള്ളു തെളിയിക്കുന്ന വെളിച്ചമായിരുന്നുവെന്ന് കാഴ്ച്ച പരിമിതരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സാക്ഷ്യം. സ്വാതന്ത്ര്യ പുലരിക്ക് നാല്‍ നാള്‍ മുമ്പ് പിറവിയെടുത്ത കേരളവര്‍മ്മ കലാലയത്തിന്‍റെ സ്വത്വം ഉള്‍ക്കൊള്ളലാണ്. ആ ഉള്‍ക്കൊള്ളലിലൂടെയാണ് 1952-ല്‍ സെന്‍റ് തോമസ് കോളേജ് തിരസ്കരിച്ച വാസുവെന്ന വിദ്യാര്‍ത്ഥിയെ ഹൃദയം തുറന്ന് കേരള വര്‍മ്മ സ്വീകരിച്ചത്. 

1952 ല്‍ നിന്നും 2018 ലെത്തുമ്പോള്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങിയത് 5000 ത്തോളം കാഴ്ച്ച പരിമിതരായ വിദ്യാര്‍ത്ഥികള്‍. ഇവരില്‍ പൂര്‍ണ്ണമായും കാഴ്ച്ച ശക്തി നഷ്ടമായവരും ഭാഗികമായി കാഴ്ച്ച മങ്ങിയവരുമുണ്ട്. ഇവര്‍ക്ക് കൂട്ടായി എന്നും കേരളവര്‍മ്മയിലെ സഹപാഠികളും അധ്യാപകരുമുണ്ടായിരുന്നു. സ്നേഹത്തിനും അറിവിനുമൊപ്പം പകരുന്ന കരുതല്‍ എന്ന വലിയ പാഠം. ആ കരുതല്‍ പകര്‍ന്ന ആത്മധൈര്യത്തെ നെഞ്ചോട് ചേര്‍ത്ത് സമൂഹത്തിന്‍റെ വ്യത്യസ്ത തുറകളില്‍ പല രൂപങ്ങളില്‍ നമുക്കിവരെ കാണാം. അധ്യാപകരായും അഭ്യസ്തവിദ്യനായിട്ടും ഭാഗ്യക്കുറവിനാല്‍ അന്യന് ഭാഗ്യം വില്‍ക്കുന്നവനായും വീട്ടമ്മമാരായും ചെറുകിടസംരഭകരായും ഇവര്‍ നമുക്കിടയിലുണ്ട്. 

പഠിച്ചിറങ്ങിയിട്ടും ഇവരോടുള്ള കേരള വര്‍മ്മയുടെ കരുതല്‍ ഒട്ടും കുറയുന്നില്ല. ഇനി ഇവര്‍ക്കായി എന്ത് ചെയ്യാന്‍ കഴിയുമെന്ന പ്രിന്‍സിപ്പല്‍ ഡോ.കെ കൃഷ്ണകുമാരി, വിരമിച്ച അധ്യാപകരായ എന്‍. ആര്‍. അനില്‍ കുമാര്‍, കെ.എം. ഗീത എന്നിവരുടെ ചിന്തയില്‍ നിന്നാണ് ഈ കൂട്ടായ്മ പിറവിയെടുക്കുന്നത്. കൂട്ടായ്മയുടെ ഭാഗമാകാന്‍ കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികളെത്തിയിരുന്നു. 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഓഫീസര്‍ പദവി വേണ്ടെന്ന് വെച്ച് കാഴ്ച്ച പരിമിതര്‍ക്കായി വാണിയംകുളത്ത് ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ച രാമകൃഷ്ണന്‍, കേരളവര്‍മ്മയുടെ എം.എ പൊളിറ്റിക്സ് അവാര്‍ഡ് ജേതാവ് പനമ്പിള്ളി ഗവ.കോളേജ് അധ്യാപകന്‍ ടോബിയോ, ചിറ്റൂര്‍ ഗവ. കോളേജ് രാഷ്ട്ര മീമാംസ അധ്യാപകന്‍ പ്രശാന്ത്, ദേശമംഗലം ഹൈസ്കൂള്‍ അധ്യാപകന്‍ രാമചന്ദ്രന്‍, എരുമപ്പെട്ടി സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരായ ജയകുമാരി, സന്തോഷ് ..... തുടങ്ങിയവര്‍. കലാലയത്തിന്‍റെ  പാട്ടുകാരനായിരുന്ന വേലായുധനെത്തിയത് വൈകാതെ സര്‍ക്കാര്‍ സര്‍വ്വീസില്‍ അധ്യാപകനാവാന്‍ പോകുന്നതിന്‍റെ  ത്രില്ലിലായിരുന്നു. 

എം.എ പൊളിറ്റിക് ബിരുദധാരിയും ബി.എഡും ഉണ്ടായിട്ടും ജീവിതം പുലര്‍ത്താനായി ഭാഗ്യക്കുറി വില്പനക്കാരനായി മാറിയ വേലായുധന്‍ കേരളവര്‍മ്മയുടെ നൊമ്പരമായിരുന്നു. കോഴിക്കോട് ഫിലോസഫി അധ്യാപകനായ രഞ്ജിത്ത് ചൊല്ലിയ, എം.മധുസൂദനന്‍ നായരുടെ കവിത കേരളവര്‍മ്മയ്ക്കുള്ള സമര്‍പ്പണമായി. ' ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു.... ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്‍റെ സ്വര്‍ഗ്ഗം. നിന്നിലടിയുന്നതേ നിത്യ സത്യം....' രഞ്ജിത്ത് പാടിത്തീരുമ്പോള്‍ നിലയ്ക്കാത്ത കൈയടികള്‍ ആരവം തീര്‍ക്കുകയായിരുന്നു. 

അപൂര്‍വ്വ സംഗമത്തിന് സാക്ഷിയാവാന്‍ നടന്‍ ഇന്ദ്രന്‍സുമെത്തിയിരുന്നു. ഒപ്പം പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നടന്‍ സുനില്‍ സുഖദയും. പിന്നെ താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുപ്പ്. ഇടവേളയില്‍ ഓര്‍മ്മകള്‍ പ്രഭ പടര്‍ത്തുന്ന പുരുഷ-വനിതാ ഹോസ്റ്റലുകളില്‍ വട്ടമിട്ടിരുന്ന് ഉച്ചയൂണ്. തുടര്‍ന്ന് വീണ്ടും ഒത്തുചേരല്‍; പാട്ടും വര്‍ത്തമാനവുമായി. ഉള്‍ക്കരുത്ത് പകുത്തു നല്‍കിയ പ്രിയ കലാലയത്തിലേയ്ക്ക് ഒരിക്കൽകൂടി വന്നുചേരാനായതിന്‍റെ സ്നേഹം അവരുടെ പുഞ്ചിരിയിൽ കണ്ടു. കെ രാമകൃഷ്ണന്‍ പ്രസിഡന്‍റായും എം.രഞ്ജിത്ത് സെക്രട്ടറിയായും സി.പി പ്രഭാഷ് ട്രഷററായും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. പ്രൊഫ.ടി.എ ഉഷാകുമാരി, പ്രൊഫ. ഇ രാജന്‍, പ്രൊഫ.ലളിത നായര്‍, അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് എന്നിവര്‍ സംസാരിച്ചു. 
 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ