
തൃശൂര്‍: ഉയര്‍ന്ന ശമ്പളത്തോടെ മലേഷ്യയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ചങ്ങനാശേരി സ്വദേശിനിയുടെ ഇടനിലയില്‍ കോടികളുടെ തട്ടിപ്പ്. താമസ സൗകര്യം പോലുമില്ലാതെ ദിവസങ്ങളോളം അലയേണ്ടിവന്ന സ്ത്രീകളടക്കം മുന്നൂറോളം പേരെ ലക്ഷങ്ങള്‍ പിഴയടപ്പിച്ച് മലേഷ്യന്‍ സര്‍ക്കാര്‍ നാട്ടിലേക്ക് തിരിച്ചയച്ചു. ഏജന്‍സികളില്‍ പാസ്‌പോര്‍ട്ട് അകപ്പെട്ട നൂറുകണക്കിനാളുകള്‍ ഇനിയും മലേഷ്യയിലുണ്ടെന്നാണ് വിവരം.
തട്ടിപ്പുകാരി നാട്ടിലില്ലെന്ന് പറഞ്ഞ് കയ്യൊഴിയുന്നുവെന്നാണ് പൊലീസിനെതിരെയുള്ള ആക്ഷേപം. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി കടകംപിള്ളി സുരേന്ദ്രനും നാട്ടില്‍ തിരിച്ചെത്തിയവര്‍ പരാതി നല്‍കി. 14 ദിവസത്തെ ഇ-വിസയെടുത്ത് തൊഴില്‍ വിസയെന്ന രീതിയിലാണ് ഏജന്‍സികള്‍ ഇവിടേക്ക് കേരളത്തില്‍ നിന്നടക്കം ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളായ ഇന്ത്യക്കാരെ കടത്തുന്നത്. മലേഷ്യയിലിറങ്ങുമ്പോള്‍ വിസ തരപ്പെടുത്തുന്ന ഏജന്‍സികള്‍ പറയുന്ന കരാറുകാരെ മഷിയിട്ട് നോക്കിയാല്‍ കാണാത്ത സ്ഥിതിയാണ്. താമസവും ഭക്ഷണവും ഇല്ലാതെ നാളുകള്‍ അലയേണ്ടിവന്നതായി തട്ടിപ്പിനിരയായി ആദ്യം കേരളത്തില്‍ തിരിച്ചെത്തിയ കൊച്ചി വൈറ്റില സ്വദേശി സഞ്ജയ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
''കൊച്ചിയില്‍ നിന്ന് കോലാലംപൂരില്‍ ഇറങ്ങിയ ശേഷം കരാര്‍ കമ്പനിയുടെ ആളുകള്‍ കുലൈ എന്ന സ്ഥലത്തെത്തിച്ചു. ഇവിടെ താമസിക്കാനും ഭക്ഷണം കഴിക്കാനും പ്രാഥമിക കാര്യങ്ങള്‍ വരെ നടത്താന്‍ പറ്റാതെയും കഴിയേണ്ടിവന്നു. ഒന്ന്, രണ്ട് ദിവസം കഴിഞ്ഞിട്ടും ജോലിയുടെ കാര്യം കമ്പനിക്കാര്‍ പറയുന്നില്ല. ചോദിച്ചപ്പോള്‍ കമ്പനിയുടെ തന്നെ കരാര്‍ കാലാവധി കഴിഞ്ഞിരിക്കുകയാണെന്നും ആകെ പ്രശ്‌നമാണെന്നും മറുപടി നല്‍കിയത്രെ. വിസ തരപ്പെടുത്തിയ ചങ്ങനാശേരി സ്വദേശിനിയായ സോന അന്‍ഷാദുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അക്കൗണ്ടിലേക്ക് 95,000 രൂപ നിക്ഷേപിച്ചതടക്കം രണ്ട് ലക്ഷം രൂപയാണ് സോന വാങ്ങിയത്.
കൊച്ചിയില്‍ നിന്ന് തന്നെ നിരവധി പേരില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം വാങ്ങിയിരുന്നു. ആര്‍ക്കും ജോലി ശരിയാവാതെയും താമസം ശരിയാവാതെയും പട്ടിണികിടന്നും ദുരിതമായതോടെ നാട്ടില്‍ ബന്ധുക്കളെ വിവരം അറിയിച്ചു. വീട്ടുകാര്‍ ചങ്ങനാശേരിയിലെത്തി അന്വേഷിച്ചിട്ടും സോനയെ കാണാന്‍ സാധിച്ചില്ല. ഇതോടെ പൊലീസില്‍ പരാതി നല്‍കി. സിഐ സോനയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും 10 ദിവസത്തിനകം മലേഷ്യയിലുള്ളവരെ നാട്ടിലെത്തിക്കണമെന്നും അവരുടെ പണം തിരികെ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. ഈ ഉറപ്പ് ലഭിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല.'' - സഞ്ജയ്
14,000 രൂപയോളം പിഴയൊടുക്കിയാണ് ഒടുവില്‍ സര്‍ക്കാര്‍ അനുവദിച്ച എമര്‍ജന്‍സി വിസയില്‍ സഞ്ജയ് കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയത്. സഞ്ജയിനൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ കൂടി കഴിഞ്ഞ ശനിയാഴ്ചയും നെടുമ്പാശേരിയിലിറങ്ങി. 1500 രൂപ മുടക്കിയാല്‍ ലഭിക്കുന്ന 14 ദിവസത്തെ ഇ-വിസയിലാണ് നൂറുകണക്കിനാളുകളെ തട്ടിപ്പ് സംഘം മലേഷ്യയിലെത്തിച്ചത്. ഇ-വിസയും മൂന്ന് മാസത്തെയും ഒരു വര്‍ഷത്തെയും കാലാവധിയിലുള്ള മള്‍ട്ടിപ്പള്‍ എന്‍ട്രി വിസയും തൊഴില്‍ വിസയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് സംഘം വന്‍തുക കൈക്കലാക്കി. 65000 രൂപ വരെയാണ് മലേഷ്യയിലേക്കുള്ള ഇത്തരം വിസകള്‍ക്ക് വേണ്ടി വരുന്നത്. അതേസമയം, വലിയ ശമ്പളം വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ വീതം സോന വഴി സംഘം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം.
കൊച്ചിയിലെ റോളക്‌സ് ഏജന്‍സിയിലെ ജീവനക്കാരിയെന്ന് പരിചയപ്പെടുത്തിയാണ് സോന അന്‍ഷാദ് തങ്ങളെ പരിചയപ്പെട്ടതെന്ന് സഞ്ജയ് പറഞ്ഞു. എഷ്യാറ്റിക് എന്ന കമ്പനിയിലും താന്‍ ജോലി ചെയ്യുന്നുണ്ടെന്നും പറഞ്ഞിരുന്നു. മലേഷ്യയില്‍ കുടുങ്ങിയ സന്ദര്‍ഭത്തില്‍ റോളക്‌സിലെ സെയ്ത് എന്ന ആളുമായി യുവാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ആദ്യം ഭീഷണി സ്വരമായിരുന്നെങ്കില്‍ മാധ്യമങ്ങളെ വിവരം അറിയിക്കുമെന്ന യുവാക്കള്‍ പറഞ്ഞതോടെ സംസാരം രമ്യതയിലായി. റെക്കോര്‍ഡ് ചെയ്ത് ഫോണ്‍ സംഭാഷണമെല്ലാം പൊലീസിനെയും കേള്‍പ്പിച്ചതായി തിരിച്ചെത്തിയവര്‍ പറഞ്ഞു.
ഇവര്‍ വഴി മുന്നൂറോളം പേര്‍ തട്ടിപ്പിനിരയായെന്നാണ് വ്യക്തമായ കണക്ക്. പരാതിപ്പെടാത്തതും മലേഷ്യയില്‍ കുടുങ്ങിക്കിടക്കുന്നതുമായ ഇരകളുടെ എണ്ണം ഇനിയും വ്യക്തമല്ല. നഷ്ടപ്പെട്ട കുറേപേരുടെ പാസ്‌പോര്‍ട്ടുകള്‍ മലേഷ്യയിലെ പ്രവാസി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ വഴി തിരിച്ചെടുക്കാനായിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ 285 പേരെയാണ് നാട്ടിലെത്തിക്കാനായെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സി എം അഷറഫലി പറഞ്ഞു.