രോഗിയോട് ക്രൂരത: ആത്മാര്‍ത്ഥമായി സേവനം നടത്തുന്നവര്‍ക്കു കൂടി അവമതിപ്പുണ്ടാക്കുന്ന നടപടിയെന്ന് കെ കെ ശൈലജ

By Web DeskFirst Published Mar 30, 2018, 11:23 AM IST
Highlights
  • സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല
  • സംഭവം മനുഷത്വ രഹിതമാണെന്നും ജീവനക്കാരനെതിരെ കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കും

തിരുവനന്തപുരം:  മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവം മനുഷത്വ രഹിതമാണെന്നും ജീവനക്കാരനെതിരെ കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഇത്തരക്കാര്‍ക്ക് സര്‍വീസില്‍ തുടരാന്‍ യാതൊരു യോഗ്യതയുമില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൈ ജീവനക്കാരന്‍ പിടിച്ച് തിരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ ആശുപത്രികളില്‍ ത്യാഗവും ഉത്തരവാദിത്വ പൂര്‍ണവുമായ സേവനം നടത്തുന്നവരാണ് മഹാഭൂരിപക്ഷം ജീവനക്കാരും. പ്രവൃത്തിസമയം നോക്കാതെ രോഗികള്‍ക്ക് ആശ്വാസമേകുന്ന മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ബഹുഭൂരിപക്ഷവുമുള്ളത്. എന്നാല്‍ രോഗിയോട് ക്രൂരമായി പെറുമാറുന്നവരും കൃത്യസമയത്ത് ജോലിക്ക് ഹാജരാകാതിരിക്കുന്നവരും ഡ്യൂട്ടി സമയത്ത് മറ്റാവശ്യങ്ങളില്‍ ഏര്‍പ്പെടുന്നവരും കൈക്കൂലി വാങ്ങുന്നവരും കൂട്ടത്തിലുണ്ട്. ഇത്തരക്കാര്‍ ആത്മാര്‍ത്ഥമായി സേവനം നടത്തുന്നവര്‍ക്കു കൂടി അവമതി ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്ന തരത്തില്‍ ചില മേഖലകളില്‍ നിന്നും രോഗികളില്‍ നിന്നും മന:പൂര്‍വമായ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അതിന് വളമേവുകയാണ് ചെയ്യുന്നത്. അതിനാല്‍ കര്‍ത്തവ്യ വിലോപം കാട്ടുന്നവര്‍ക്കും പൊതുജനാരോഗ്യ സേവന ചിട്ടകള്‍ അനുസരിക്കാത്തവര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. 

ആശുപത്രികളിലെ മേലധികാരികളും ആശുപത്രി സൂപ്രണ്ടുമാരും മെഡിക്കല്‍ ഓഫീസര്‍മാരും അതതു സ്ഥാപനങ്ങള്‍ കൃത്യനിഷ്ഠമായും രോഗീ സൗഹൃദമായും പ്രവര്‍ത്തിക്കുകയാണെന്ന് ഉറപ്പ് വരുത്തണം. ഇത്തരം സംഭവങ്ങളുടെ മറവില്‍ നന്നായി പ്രവര്‍ത്തിക്കുന്ന പൊതുജനാരോഗ്യ സ്ഥാപനങ്ങളെ കരിതേച്ച് കാണിപ്പിക്കാന്‍ പരിശ്രമിച്ചാല്‍ അതിനെതിരേയും പൊതുജന സഹായത്തോടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

സംഭവം ശ്രദ്ധയില്‍ പെട്ടയുടന്‍ ഇതിനെക്കുറിച്ചന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടിരുന്നു. സൂപ്രണ്ടിന്റേയം ഡെപ്യൂട്ടി സൂപ്രണ്ടിന്റേയും നേതൃത്വത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ജീവനക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി സസ്‌പെന്റ് ചെയ്തിരുന്നു.
 

click me!