
കോഴിക്കോട്: വളയം പിടിക്കുന്നതിലെ മികവിനൊപ്പം സത്യസന്ധതയും സേവനസന്നദ്ധതയും ചേര്‍ന്നതോടെ ഇവര്‍ കോഴിക്കോട് നഗരത്തിലെ മികച്ച ഡ്രൈവര്‍മാരായി. മലാപറമ്പ് സ്വദേശി എ.വി.ഹരീഷ് മികച്ച ഓട്ടൊ ഡ്രൈവറും കുന്ദമംഗലം സ്വദേശി സുനി മികച്ച ബസ് ഡ്രൈവറും പിലാശേരി സ്വദേശി പി. കൃഷ്ണദാസന്‍ മികച്ച ടാക്‌സി ഡ്രൈവറുമായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ പ്രഖ്യാപനത്തില്‍ ആര്‍ക്കും ആത്ഭുതമില്ലായിരുന്നു. കാരണം അവരുടെ സേവനസന്നദ്ധതയില്‍ അത്ര മാത്രം വിശ്വാസമായിരുന്നു ഓരോ യാത്രക്കാര്‍ക്കും. കോഴിക്കോട് സിറ്റി പൊലീസും കാലിക്കറ്റ് മാനെജ്‌മെന്റ് അസോസിയേഷനും ചേര്‍ന്നാണ് നഗരത്തിലെ മികച്ച ഡ്രൈവര്‍മാരെ കണ്ടെത്തി പുരസ്‌ക്കാരം നല്‍കി ആദരിച്ചത്.
കോഴിക്കോട്ടെ ഓട്ടൊക്കാരുടെ നന്മയും സേവനസന്നദ്ധതയും ഏറെ പ്രസിദ്ധമാണ്. ആ ഗണത്തിലെ പുതിയ അവകാശിയാണ് താനെന്ന് എ.വി. ഹരീഷ് പറയുന്നു. 15 വര്‍ഷമായി കെഎല്‍ 11 ക്യു 8522 നമ്പര്‍ അനുഗ്രഹ എന്ന പേരിലുള്ള ഓട്ടൊയുമായി യാത്രക്കാര്‍ക്ക് അനുഗ്രഹം പകരുകയാണ് ഹരീഷ്. ഈയിടെ വടകര സ്വദേശി മോഹന്‍ദാസ് ഹരീഷിന്റെ ഓട്ടൊയില്‍ മറന്നുവച്ച 27,000 രൂപയും എടിഎം കാര്‍ഡും വീടിന്റെ താക്കോലും അടങ്ങുന്ന ബാഗ് തിരികെ നല്‍കിയാണ് ഈ ഓട്ടൊ ഡ്രൈവര്‍ ശ്രദ്ധേയനാകുന്നത്. ഫെഡറല്‍ബാങ്കിലെത്തി എടിഎം കാര്‍ഡിലൂടെ ആളുടെ പേരും വിലാസവും കണ്ടെത്തിയാണ് ഹരീഷ്, മോഹന്‍ദാസിന് നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ നല്‍കിയത്. അതിന് മുന്‍പ് ഓട്ടൊയില്‍ മറന്നുവച്ച ഏഴായിരം രൂപയും ബാഗും ഉടമസ്ഥന് തിരികെ നല്‍കിയും ഹരീഷ് പുതുതലമുറയ്ക്ക് മാതൃകയായിരുന്നു. ഇതിന് പുറമെ റോഡരികില്‍ അസുഖത്തെ തുടര്‍ന്ന് കിടന്ന ഒരാളെ മെഡിക്കല്‍കോളെജ് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കാനും ഹരീഷിനായി. ഡ്രൈവിങ്ങിനിടെ അപകടങ്ങളൊന്നും തനിയ്ക്ക് ഇതുവരെയും സംഭവിച്ചിട്ടില്ലെന്ന് ഹരീഷ്. ഇനിയും മികച്ച ഡ്രൈവിങ്ങിനും സേവനസന്നദ്ധനാകാനും ഇത്തരം പുരസ്‌ക്കാരങ്ങള്‍ സഹായിക്കുമെന്നും ഹരിഷ് പറഞ്ഞു.
സ്‌കൂള്‍ കുട്ടികളെ കണ്ടാല്‍ നിര്‍ത്താതെ പോകുന്ന ഡ്രൈവറല്ല കുന്ദമംഗലം പത്താംമൈല്‍ സ്വദേശി സുനി മാത്രങ്ങോട്ട്. ഇരുപത്തഞ്ച് വര്‍ഷമായി സിറ്റി ബസിലെ ഡ്രൈവറായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ സദ്‌സ്വഭാവത്തിന് കൂടി ലഭിച്ച അംഗീകാരമാണീ പുരസ്‌ക്കാരം. താന്‍ ഡ്രൈവറായ ബിച്ച ബസില്‍ കയറുന്ന യാത്രക്കാരും സ്‌കൂള്‍ വിദ്യാര്‍ഥികളും നല്‍കിയ പിന്തുണയും വിശ്വാസവുമാണ് തന്നെ മികച്ച ഡ്രൈവറുടെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയതെന്ന് സുനി പറയുന്നു. പറമ്പില്‍ബസാറില്‍ നിന്നും കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് സര്‍വീസ് നടത്തുന്ന ബസിലാണ് ഡ്രൈവറായി പ്രവര്‍ത്തിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ബസ് ഓടിക്കാറെന്നും സുനി. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ലിസ്റ്റിലുണ്ട്. കെഎസ്ആര്‍ടിസിയില്‍ ജോലി ലഭിച്ചാല്‍ അവിടെയും സേവനസന്നദ്ധനാകുമെന്നും ഇദ്ദേഹം പറയുന്നു.
മികച്ച ടാക്‌സി ഡ്രൈവറായി തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണദാസന്‍ വിമുക്തഭടനാണ്. 15 വര്‍ഷത്തെ കരസേനയിലെ പ്രവര്‍ത്തനത്തിന് ശേഷമാണ് നാട്ടിലെത്തി ടാക്‌സി ഡ്രൈവറാകുന്നത്. നിര്‍ധനര്‍ക്കും നിരാലംബര്‍ക്കും രോഗികള്‍ക്കും സൗജന്യമായി സേവനം ചെയ്യാറുണ്ടെന്ന് കൃഷ്ണദാസന്‍. ഇത്രയും കാലത്തിനിടെ കാര്യമായ അപകടങ്ങള്‍ക്കൊന്നും ഇരയാകേണ്ടി വന്നിട്ടില്ല. സേവനം ആവശ്യമുള്ളവര്‍ക്ക് തന്റെ മേഘ ടൂര്‍സിനെ സമീപിക്കാമെന്നും കൃഷ്ണദാസന്‍.
ഇതിനെ പുറമെ 10 ഓട്ടൊ ഡ്രൈവര്‍മാരെയും ഓരോ ടാക്‌സി, ബസ് ഡ്രൈവര്‍മാരേയും ചടങ്ങില്‍ പ്രോത്സാഹന പുരസ്‌ക്കാരം നല്‍കി ആദരിച്ചു. നഗരത്തിലെ ഓട്ടൊഡ്രൈവര്‍മാരായ ആര്‍.കെ. റസാഖ്, ഉമ്മര്‍, സുധീഷ്, അബ്ദുല്‍ സലീം, സജികുമാര്‍, ആര്‍. അമിത്, രാജീവ്, ശ്രീരഞ്ജിനി, പുഷ്പലത, ജിനേഷ്, ട്രാക്‌സി ഡ്രൈവറായ പി.കെ. ദാമോദരന്‍, ബസ് ഡ്രൈവറായ ഭരതന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു.