110 പേര്‍ക്ക് ജീവന്‍ നല്‍കി ഈ ചുമട്ട്തൊഴിലാളി

Published : Nov 30, 2017, 06:00 PM ISTUpdated : Oct 05, 2018, 01:25 AM IST
110 പേര്‍ക്ക് ജീവന്‍ നല്‍കി ഈ ചുമട്ട്തൊഴിലാളി

Synopsis

കാസർകോട്: അരീക്കോടൻ ബഷീർ വെറുമൊരുചുമട്ടുകാരനല്ല. മതത്തിന്റെയോ ജാതിയുടെയോ വേലികെട്ടില്ലാത്ത നൂറ്റി പത്തോളം പേർക്ക് രക്തം നല്‍കി അവരെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിച്ചിട്ടുണ്ട് ബിരുദദാരിയായ ഈ ചുമട്ടുകാരന്‍. പതിനേഴാമത്തെ വയസില്‍ ആരംഭിച്ചതാണ് രക്തം ദാനം ചെയ്യാന്‍. നാല്‍പത്തി അഞ്ച് വയസിലും അത് തുടരുന്നുണ്ട് അരീക്കോടന്‍ ബഷീര്‍. എസ് .എഫ് ഐ.എന്ന വിദ്യാർത്ഥി സംഘടനയിലൂടെ നീലേശ്വരം പ്രതിഭാ കോളേജിൽ നിന്നുമാണ് ബഷീർ പതിനേഴാംവയസിൽ രക്തദാനത്തിന് തുടക്കമിട്ടത്. അന്നുതൊട്ട് ഇന്നുവരെ ഈ ചുമട്ടുകാരന്റെ രക്തം അന്യരിലേക്കൊഴുകുന്നുണ്ട്. പിഞ്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ബഷീറിന്റെ രകതം സ്വീകരിച്ചവരിൽ പെടും. സമ്പന്നനും ദരിദ്രനും ദളിതനും ഹിന്ദുവും ക്രിസ്ത്യനും എന്നുവേണ്ട സംസ്ഥാനത്തെ നൂറ്റി പത്തു പേരിലാണ് മുസ്‌ലിം മനസായ ബഷീറിന്റെ രകതം അതിർവരമ്പുകളില്ലാതെ ഒഴുകുന്നത് .

മംഗലാപുരം മുതൽ കോഴിക്കോട് വരെയുള്ള ആശുപത്രികളിൽ സ്വന്തം കൈയിൽനിന്നും വണ്ടിക്കൂലി എടുത്തു അശരണാർക്കായി രക്തം നൽകാൻ ഓടുന്ന  ബഷീർ എന്ന ചുമട്ടുകാരനെ അറിയാത്തവർ വിരളമാണ്. മങ്കയത്തെ പരേതനായ അരീകോടൻ മുഹമ്മദിന്റെയും ഫാത്തിമയുടെയും അഞ്ചു മക്കളിൽ നാലാമനാണ് ബഷീർ. ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിട്ടും ബഷീര്‍ ചുമട്ടുകാരന്‍ ആയതിന് പിന്നിലും കഥയുണ്ട്. വെള്ളരികുണ്ടിലെ ആദ്യത്തെ ചുമട്ടു കരിൽ ഒരാളായിരുന്നു ബഷീറിന്റെ പിതാവ്. പിതാവിന്റെ മരണശേഷം  പിന്മുറക്കാരനായി ചുമട്ടുകാരൻആകുവനായിരുന്നു ബഷീറിന്റെ തീരുമാനം. മറ്റുള്ളവരെ സഹായിക്കുന്നതിൽ പിതാവ് മുഹമ്മദ് കാണിച്ച വഴിയിൽ കൂടി തന്നെയാണ് മകന്റെയും യാത്ര.

സമൂഹ മാധ്യമങ്ങൾ വഴി രകതം അവശ്യ പെട്ടു ആരെങ്കിലും പോസ്റ്റിട്ടാലും അവരുമായി ബന്ധ പെട്ട് അവർക്കരികിലേക്കും ഓടിയെത്താൻ ബഷീർ എന്ന ചുമട്ടുകാരൻ സമയം കണ്ടെത്തുന്നുണ്ട്. ബളാൽ ഗവണ്മെന്റ് ഹൈസ്‌കൂളിൽനിന്നും 87ൽ ഫസ്‌റ് ക്ളാസോടെ പാസായ ബഷീർ നീലേശ്വരം പ്രതിഭാ കോളേജിൽ നിന്നുമാണ് ബി.എ .എക്കണോമികിസ് പഠനം പൂർത്തിയാക്കിയത്. ഇടക്കാലത്തു വിദേശത്തായിരുന്നപ്പോഴും ബഷീർ അബുദാബി മെഡിക്കൽ കോളേജിൽ വെച്ചു രക്ത ദാനം നടത്തിയിരുന്നു. വിദേശത്തു വച്ചു നൽകിയ ബന്ധം വെച്ച് ബഷീറിനെ അവിടെയുള്ളവർ നാട്ടിലെത്തുമ്പോൾ അവരുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ രക്തം ആവശ്യം വന്നാൽ ആദ്യം വിളിക്കുക വെള്ളരി കുണ്ടിലുള്ള ഈ ചുമട്ടു കാരനെയാണ്. സമീറയാണ് ബഷീറിന്റെ ഭാര്യ. പാണത്തൂർ ഗവണ്മെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളായ അനീസും അമീറയുമാണ് മക്കൾ. നാല്പത്തി അഞ്ചിലും രക്തദാനം തുടരുമ്പോൾ ബഷീറിന്റെ മനസ്സിൽ വിരിയുന്നത് ഇനിയും നൂറ്‌ പേർക്ക് കൂടി രക്തം നൽകാൻ കഴിയണമെന്ന സ്വപ്നമാണ്


 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ