
കാസർകോട്: കേരള പോലീസിനുവേണ്ടി ഒരു ജന്മം മുഴുവൻ നടന്നു തീർക്കുകയാണ് മാവുങ്കാൽ മഞ്ഞം പൊതിക്കുന്നിലെ പ്രഭാകരൻ. പോലീസിന്റെ അതീവ ജാഗ്രതാ സുരക്ഷാ സംവിധാനമായ വയർലെസ് സെറ്റ് സ്ഥിതി ചെയുന്ന സമുദ്ര നിരപ്പിൽ നിന്നും അയ്യായിരത്തിലധികം അടി ഉയരമുള്ള മഞ്ഞം പൊതി കുന്നിലേക്ക് പ്രഭാകരൻ നടക്കുന്നത് ദിവസം പന്ത്രണ്ടു മണിക്കൂറാണ്. പോലീസിനുവേണ്ടി ഈ നിസ്വാർത്ഥ സേവകൻ കഴിഞ്ഞ മുപ്പതു വർഷമായി നടക്കുന്നത് എന്തിനു വേണ്ടിയാണെന്ന് അറിയുമ്പോഴാണ് ഈ മനുഷ്യനോട് ബഹുമാനം തോന്നുക.
പൊലീസ് വാഹനം പോലും ഇന്നും കയറി ചെല്ലാൻ മടിക്കുന്ന മഞ്ഞം പൊതിക്കുന്നിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഭക്ഷണ പൊതിയുമായാണ് പ്രഭാകരന്റെ യാത്ര. അതിലുമുണ്ട് മറ്റൊരു പ്രത്യേകത, പ്രഭാകരൻ ഹോട്ടൽ മുതലാളിയോ തൊഴിലാളിയോ അല്ല. പ്രഭാകരന്റെ വീട്ടില്‍ നിന്നുമല്ല ഇയാൾ ഭക്ഷണപൊതികള്‍ സംഘടിപ്പിക്കുന്നത്. തൊട്ടടുത്തെ ആനന്ദാശ്രമത്തിൽനിന്നുമാണ് ഭക്ഷണപൊതിയുമായി ഇയാള്‍ ദിനം തോറും കിലോമീറ്ററുകള്‍ നടക്കുന്നത്.
രാവിലെ ആറര മണിക്ക് പ്രഭാത ഭക്ഷണം . അതുകഴിഞ്ഞാൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഉച്ചഭക്ഷണം. പിന്നെ രാത്രിയിലേക്കായി അടുത്തത്. അങ്ങനെ മഴയെന്നോ വെയിലെന്നോ,രാത്രിയെന്നോപകലെന്നോ വ്യത്യാസമില്ലാതെയാണ് ഇല്ലാതെയാണ് പ്രഭാകരന്റെ യാത്ര. ഭക്ഷണവുമായുള്ള യാത്രക്ക് ഒരു ദിവസം പോലും ഇന്നോളം അവധിയും നല്‍കിയിട്ടില്ല. കല്ലും മുള്ളും കാടും കയറിയിറങ്ങി പൊലീസിനുവേണ്ടി അന്നം നൽകുന്നതിനിടയിൽ ഈ നാല്പത്തിയേഴു കാരനെ അഞ്ചു തവണയാണ് വിഷ പാമ്പ് കടിച്ചത്.
പാമ്പിന്റെ കടിയേറ്റിട്ടും പത്താം വയസിൽ തുടങ്ങിയ നടത്തം ഇന്നും തുടരുമ്പോൾ നാലാം ക്‌ളാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പ്രഭാകരൻ വയർലെസ് സെറ്റു പ്രവർത്തിക്കുന്നിടത്തു ഒരു തൂപ്പുകാരന്റെ ജോലി സ്വപ്‌നം കണ്ടിരുന്നു. ആദ്യകാലങ്ങളില്‍ ഭക്ഷണ പൊതി എത്തിച്ചു നൽകുന്നതിന് പ്രഭാകരന് പത്ത് രൂപ പൊലീസുകാര്‍ നല്‍കിയിരുന്നു. പിന്നീട് വയർലെസ് പോലീസുകാരുടെ ഇഷ്ടക്കാരനായി മാറിയ പ്രഭാകരന് അത് നൂറും, ഇരുന്നൂറ്റിഅൻപതും പിന്നെ അഞ്ഞുറിലേക്കുമെത്തി. ഇപ്പോഴത് 2000 ആയെങ്കിലും ജോലിക്കുള്ള ഉറപ്പൊന്നും ആരും നൽകിയിട്ടില്ല.1987ൽ ഇന്റർവ്യൂനായി പ്രഭാകരനെ വയർലെസ് പൊലീസ് ആസ്ഥാനമായ തിരുവന്തപുരത്തേക്കു വിളിപ്പിച്ചെങ്കിലും ജോലി നൽകിയില്ല. പകരം ശരിയാകും എന്ന വാഗദാനം മാത്രം നൽകി.
ഇന്നല്ലെങ്കിൽ നാളെ ജോലി ശരിയാകുമെന്ന് കണക്കുകൂട്ടലിൽ ഇതിനിടയിൽ വിവാഹിതനുമായി പ്രഭാകരൻ. പൊലീസിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനം കൊണ്ടു കുടുംബ ജീവിതം ആരംഭിച്ച പ്രഭാകരന് പാമ്പിന്റെ കടിയേറ്റത് ഭാര്യ ശോഭനക്കെന്നപോലെ പോലീസുകാർക്കുമുണ്ടാക്കി പ്രശ്നങ്ങൾ. ഭാര്യയും പൊലീസുകാരും ഒരുപോലെ പട്ടിണിയിലായപ്പോൾ പ്രഭാകാരനെന്ന നിസ്വാർത്ഥ സേവകനെ ചികിൽസിക്കാൻ കൈകോർത്തതും സംസ്ഥാന പൊലീസുതന്നെയായിരുന്നു.