യുവതിയ്ക്കായി പന്നിയാര്‍ പുഴയില്‍ തിരച്ചില്‍; ഒടുവില്‍ കണ്ടെത്തിയത് പൊലീസ്

By Web DeskFirst Published Mar 14, 2018, 5:52 PM IST
Highlights
  •  പൂപ്പാറയിലെ ബന്ധുവീട്ടില്‍ നിന്നാണ് യുവതിയെ കാണാതായത്


ഇടുക്കി: ഭര്‍തൃവീട്ടിലെ വഴക്കിനെത്തുടര്‍ന്ന് ബന്ധു വീട്ടില്‍ താമസിക്കുന്നതിനിടെ കാണാതായ യുവതിയെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. ശാന്തന്‍പാറ സിഐ ടി.ആര്‍ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവതിയെ കണ്ടെത്തിയത്. പൂപ്പാറ സ്വദേശി നെവിന്റെ (22) വീട്ടില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഞായറാഴ്ച്ച വെളുപ്പിന് 2 മുതലാണ് പൂപ്പാറയിലെ ബന്ധുവീട്ടില്‍ നിന്ന് യുവതിയെ കാണാതായത്. 
 
ഇവര്‍ പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍പെട്ടതാകാമെന്ന നിഗമനത്തില്‍ നാട്ടുകാരും പൊലീസും അഗ്‌നിശമന സേനാംഗങ്ങളും തിങ്കളാഴ്ച്ച വൈകുംവരെ പന്നിയാര്‍ പുഴയില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. അതേസമയം നെവിനും പുഴയിലെ തെരച്ചിലില്‍ പങ്കെടുത്തിരുന്നു.  

ഏഴ് മാസം മുന്‍പാണു യുവതിയും മധുര സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് മാസം മുമ്പ് ഇവര്‍ ഭര്‍തൃവീട്ടുകാരുമായി പിണങ്ങി  പൂപ്പാറയിലെ സ്വന്തം വീട്ടിലെത്തി. ഏതാനും നാളുകളായി പന്നിയാര്‍ പുഴയുടെ തീരത്തുള്ള വലിയമ്മയുടെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം മധുരയില്‍ നിന്ന് ഭര്‍ത്താവും ബന്ധുക്കളും പൂപ്പാറയിലെത്തി മാതാപിതാക്കളുമായി ചര്‍ച്ച നടത്തുകയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച്ച വെളുപ്പിന് മധുരയിലേക്ക് മടങ്ങാനിരിക്കെയാണ് യുവതിയെ കാണാതായത്. 

ഇവരുടെ താലിമാല അടക്കമുള്ള സ്വര്‍ണാഭരണങ്ങളും, ചെരുപ്പും വീടിനകത്ത് ഊരിവച്ചിരുന്നു. ഇതാണ് പുഴയില്‍ ചാടിയതാകാമെന്ന സംശയത്തിന് ഇടയാക്കിയത്. ആനയിറങ്കല്‍ അണക്കെട്ട് തുറന്നുവിട്ടിരിക്കുന്നതിനാല്‍ പന്നിയാര്‍ പുഴയില്‍ ജലനിരപ്പും ഒഴുക്കും വര്‍ദ്ധിച്ച സമയമായതിനാല്‍ ഷട്ടര്‍ അടച്ച് വെള്ളമൊഴുക്ക് നിയന്ത്രിച്ച് ശേഷമായിരുന്നു തിരച്ചില്‍ നടത്തിയത്. 

പൊലീസിന്റെ അന്വേഷണത്തില്‍ യുവതിക്ക് പൂപ്പാറയിലെ ഒരു യുവാവുമായി കുറേ നാളായി അടുപ്പമുണ്ടെന്ന് വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്നാണു നെവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തിട്ടുള്ളതിനാല്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുകയും നെവിനെ താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തു. 

click me!