പഴംപൊരി കഴിച്ചും കാഴ്ചക്കാരെ രസിപ്പിച്ചും വാനരക്കൂട്ടം - വീഡിയോ

By Web DeskFirst Published May 13, 2018, 12:14 PM IST
Highlights
  • വാനരക്കൂട്ടത്തിന്‍റെ കൂസൃതികള്‍ കാഴ്ചക്കാരില്‍ രസം പകരുന്നു

ഇടുക്കി: മൂന്നാര്‍ ടൗണില്‍ വിലസുന്ന വാനരക്കൂട്ടത്തിന്‍റെ കൂസൃതികള്‍ കാഴ്ചക്കാരില്‍ രസം പകരുന്നു. കഴിഞ്ഞ മൂന്നു മാസങ്ങളായി ടൗണിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു മൂന്നു കുരങ്ങന്‍മാരാണ് കൃസൃതി കാട്ടി നാട്ടുകാരെ രസിപ്പിക്കുന്നത്. കടകളുടെ മേല്‍ക്കൂരയില്‍ കയറിപ്പറ്റിയും ഓടിനടന്നും, വാട്ടര്‍ ടാങ്കുകളില്‍ നിന്ന് വെള്ളം കോരിക്കുടിച്ചും, നാട്ടുകാര്‍ എറിഞ്ഞു കൊടുക്കുന്ന ഭക്ഷണങ്ങളുമെല്ലാം ആസ്വദിച്ചു കഴിച്ചുമെല്ലാം നടക്കുന്ന വാനരക്കൂട്ടം നാട്ടുകാരുടെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. 

പതിവുകാരയതോടെ നാട്ടുകാര്‍ ഭക്ഷണമുള്‍പ്പെടെയുള്ള കൊടുക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ടൗണിലെ ചായക്കടയില്‍ നിന്ന് ആരുമില്ലാതെ തക്കം നോക്കി പഴം പൊരി അടിച്ചു മാറ്റാന്‍ നോക്കിയത് രസകരമായ കാഴ്ചയായിരുന്നു. പഴം പൊരിയുടെയും പലഹാരങ്ങളുടെയും മണം മൂക്കില്‍ തുളച്ചുകയറിയതോടെ പമ്മി പമ്മി ചായക്കടയുടെ അടുക്കള ഭാഗത്തെത്തിയ വാനര ജോടിയെ പാചകക്കാരന്‍ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും അവിടെ നിന്നും എന്തെങ്കിലും കിട്ടാതെ പോകില്ല എന്ന ഭാവത്തോടെ നിലയുറപ്പിച്ചതോടെ കടക്കാരന്‍ നിര്‍വ്വാഹമില്ലാതെ ചുട്ടെടുത്ത പഴം എറിഞ്ഞു കൊടുക്കുകയും ചെയ്തു. പലഹാരം ലഭിച്ചതോടെ ആക്രാന്തം കാണിച്ച് അകത്താനുള്ള ശ്രമത്തിനിടയില്‍ വായൊന്ന് ചെറുതായി പൊള്ളുകയും ചെയ്തു.

മഴ മൂലം നനഞ്ഞ ഷീറ്റിലിട്ട് തണുപ്പിച്ച് കഴിക്കുന്ന  കാഴ്ച നാട്ടുകാര്‍ ആസ്വദിച്ചു. പഴംപൊരിയുടെ സ്വാദ് ബോധിച്ചതോടെ വീണ്ടും ആക്രാന്തം കാണിച്ചത് പ്രശ്നമായിത്തീരുകയും ചെയ്തു. പാചകക്കാരന്‍ പുറത്തുപോയ തക്കം നോക്കി ജനല്‍പ്പാളിയിലൂടെ അകത്തു കടന്ന് പഴംപൊരി കടത്താന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. കയ്യോടെ കണ്ടെത്തിയ കടക്കാരന്‍ വടിയെടുത്ത് ഓടിച്ച് ജനല്‍ പൂട്ടുകയും ചെയ്തു. പോസ്റ്റുകളിലും കേബിളുകളിലും തൂങ്ങിയാടുന്ന വാനരന്മാര്‍ ടൗണിലെത്തുന്ന കുട്ടികളെയും ഒരുപാട് രസിപ്പിക്കുന്നുണ്ട്. മറയൂരില്‍ വനപ്രദേശങ്ങളിലും മാത്രം കണ്ടു വന്നിരുന്ന വാനരന്മാര്‍ ടൗണില്‍ കുസൃതികള്‍ കാട്ടി നടക്കുന്നത് സഞ്ചാരികളെ കുറച്ചൊന്നുമല്ല ആനന്ദിപ്പിക്കുന്നത്.
 

click me!