
ഇടുക്കി: ഇത്തവണയും മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിൽ എത്തിക്കുമെന്നും താഴ്വാരയിലെ ജനങ്ങളുടെ സുരക്ഷ കേരളത്തിന്‍റെ മാത്രം ഉത്തരാവാദിത്വമെന്നും ഉപസമിതിയിൽ തമിഴ്നാട്. ഇന്നലെ കുമളിയിൽ ചേർന്ന അഞ്ചംഗ ഉപസമിതി യോഗത്തിലാണ് തമിഴ്നാട് കേരളത്തിന്‍റെ ആവശ്യങ്ങൾ തള്ളിയത്. മഴ ശക്തമായി തുടരുന്നതിനാൽ അണക്കെട്ടിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നുണ്ടെന്നും അതിനാൽ പരമാവധി ജലം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. മാത്രമല്ല മഴ ഇത്തരത്തിൽ തുടരുകയാണെങ്കിൽ ജലനിരപ്പ് അപകടകരമാം വിധം ഉയരാൻ സാധ്യതയുണ്ടെന്നും ഇത് താഴ്വരയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുമെന്നും കേരളം അറിയിച്ചു.
എന്നാൽ അന്നക്കെട്ടിൽ 142 അടി വരെ ജലനിരപ്പുയർത്താൻ തങ്ങൾക്ക് സുപ്രീം കോടതിയുടെ അനുമതിയുണ്ടെന്ന് തമിഴ്നാട് വാദിച്ചു. മാത്രമല്ല താഴ്വരയിലെ ജനങ്ങളുടെ സുരക്ഷയുൾപ്പെടയുള്ള കാര്യങ്ങൾ കേരളത്തിന്‍റെ മാത്രം ഉത്തരവാദിത്വമാണെന്നും തമിഴ്നാട് അറിയിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അണക്കെട്ടിലെ പരിശോധനകൾ ആരംഭിച്ചത്. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തി. അണക്കെട്ടിലെ പതിമൂന്ന് ഷട്ടറുകളിൽ 3, 6, 8, 10 എന്നീ ഷട്ടറുകൾ ഉയർത്തി പ്രവർത്തന ക്ഷമതയും പരിശോധിച്ചു. മൂന്നരയോടെ ഉപസമിതി കുമളിയിലെ മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഓഫീസിൽ യോഗം ചേർന്നപ്പോഴാണ് താഴ്വരയിലെ ജനങ്ങളുടെ ജീവന് വില കൽപ്പിക്കാൻ തയ്യാറാകാത്ത നിലപാട് സ്വീകരിച്ചത്.
ഗാലറിയിൽ നിന്നും പുറത്തേയ്ക്ക് ഒഴുകുന്ന സ്വീവേജ് വെള്ളത്തിന്‍റെ അളവ് ശേഖരിച്ചു. മിനിറ്റിൽ 108.920 ലിറ്റർ ജലമാണ് പുറത്തേക്കൊഴുകുന്നത്. അതേ സമയം, ജലനിരപ്പ് ഉയർന്നാൽ പാലിക്കേണ്ട ഷട്ടർ ഓപ്പറേറ്റിംങ്ങ് മാന്യുവൽ ഇതുവരെയും തമിഴ്നാട് കേരളത്തിന് നൽകിയിട്ടില്ല. തമിഴ്നാടിന്‍റെ നിഷേധാത്മക നിലപാട് മേൽനോട്ട സമിതിയെ അറിയിക്കാനാണ് കേരളത്തിന്‍റെ തീരുമാനം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133 അടി പിന്നിട്ടു. സെക്കൻഡിൽ 5941 ഘനയടി വെള്ളം അണക്കെട്ടിലേയ്ക്ക് ഒഴുകി എത്തുമ്പോൾ സെക്കൻഡിൽ 2100 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി പെയ്യുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യത. വരും ദിവസങ്ങളിൽ പരമാവധി ജലം അണക്കെട്ടിൽ നിലനിർത്തി 142 അടിയായി ഉയർത്താനാണ് തമിഴ്നാടിന്‍റെ നീക്കം.