
തിരുവനന്തപുരം: അമേരിക്കയില്‍ മൊട്ടിട്ട പ്രണയത്തിന് കോവളത്ത് സാക്ഷാത്കാരം. അമേരിക്കയില്‍ ശാസ്ത്രജ്ഞയായ തിരുവനന്തപുരം സ്വദേശിനി ലക്ഷ്മിയും അമേരിക്കയിലെ ന്യൂയോർക്ക് സ്വദേശിയും നിയമ വിദഗ്ദനുമായ പീറ്ററും തമ്മിലുള്ള പ്രണയ സാഫല്യത്തിനാണ് കോവളം സാക്ഷ്യം വഹിച്ചത്.
കാട്ടാക്കടയിലെ മുൻ എം.എൽ.എ ശങ്കരൻറെ മകൻ ശശി ശങ്കറിൻറെയും ബി.എസ് രമയുടെയും മകളാണ് ശാസ്ത്രജ്ഞയായ ലക്ഷ്മി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇവർ കുടുംബസമേതം അമേരിക്കയിലാണ് താമസം. മകളുടെ പ്രണയം അറിഞ്ഞ മാതാപിതാക്കൾ എതിർത്തില്ല. മകളുടെ വിവാഹം നാട്ടിൽ വെച്ച് ഹിന്ദു ആചാരപ്രകാരം നടത്തണമെന്നായിരുന്നു ലക്ഷ്മിയുടെ മാതാപിതാക്കളുടെ ആഗ്രഹം. ഇത് മനസിലാക്കിയ വരന്‍ പീറ്ററും കുടുംബവും അതിന് സമ്മതം മൂളിയതോടെ ഇരുകുടുംബങ്ങളിലെയും വേണ്ടപ്പെട്ടയാളുകളുമായി വരനും വധുവും കഴിഞ്ഞ 19 ന് കോവളത്തേക്ക് പറന്നു.
കഴിഞ്ഞ ദിവസം മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ ഇരുവരും വരണ മാല്യം കൈമാറി. വരൻറെയും വധുവിൻറെയും മാതാപിതാക്കളടക്കം അമ്പതോളം ആളുകളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്. ഒമ്പത് ദിവസത്തെ അവധിയുമായി കോവളത്തെത്തിയ കമിതാക്കൾ ഭാര്യാ ഭർത്താക്കൻമാരായി നാളെ അമേരിക്കയിലേക്ക് മടങ്ങും.