കുഴികള്‍ നിറഞ്ഞ് ദേശീയപാത: രണ്ട് ആഴ്ച്ചയ്ക്കിടെ പൊലിഞ്ഞത് 15 ജീവനുകള്‍

Web Desk |  
Published : Jul 24, 2018, 07:00 AM ISTUpdated : Oct 02, 2018, 04:18 AM IST
കുഴികള്‍ നിറഞ്ഞ് ദേശീയപാത: രണ്ട് ആഴ്ച്ചയ്ക്കിടെ പൊലിഞ്ഞത് 15 ജീവനുകള്‍

Synopsis

2016 ല്‍ ദേശീയപാത നാലുവരിയാക്കി വീതി വര്‍ധിപ്പിക്കാനുള്ള നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോയതോടെ കുഴിയടക്കല്‍ നടപടി മുടങ്ങി.

കാസർകോട് :  കുഴികള്‍ നിറഞ്ഞ ദേശീയപാത കുരുതിക്കളമാകുന്നു. ജില്ലയില്‍ കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ പൊലിഞ്ഞത് ഒമ്പത് ജീവനുകള്‍ അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കുപറ്റി.  ജില്ലയിലൂടെ കടന്നു പോകുന്ന ഭൂരിഭാഗം സ്‌ട്രെച്ചുകളും ടാറിംഗ് നടത്താതെ അഞ്ചുവര്‍ഷമായി. തലപ്പാടി-ഉപ്പള, പെര്‍വാഡ്-അണങ്കൂര്‍, നീലേശ്വരം-കാലിക്കടവ് സ്‌ട്രെച്ചുകളാണ് അഞ്ചുവര്‍ഷമായി ടാറിംഗ് പ്രവൃത്തി നടക്കാതെ പൊട്ടി പൊളിഞ്ഞിരിക്കുന്നത്‌.

ജില്ലയിലെ ഈ 30 കിലോമീറ്റര്‍ ദൂരത്തിലാണ് അപകടവും ഗതാഗതകുരുക്കും ഏറ്റവും രൂക്ഷമായിരിക്കുന്നത്. 2016 -ലാണ് ഉപ്പള-കുമ്പള സ്‌ട്രെച്ച് റീടാറിംഗ് നടത്തിയത്. അടുത്തിടെ റീടാറിംഗ് നടത്തിയ ചെര്‍ക്കള-നീലേശ്വരം സ്‌ട്രെച്ച് മാത്രമാണ് തകരാതെ നില്‍ക്കുന്നത്. സാധാരണഗതിയില്‍ ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ദേശീയപാതയില്‍ റീടാറിംഗ് പ്രവൃത്തി നടത്താറുണ്ടായിരുന്നു. എന്നാല്‍ 2016 ല്‍ ദേശീയപാത നാലുവരിയാക്കി വീതി വര്‍ധിപ്പിക്കാനുള്ള നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോയതോടെ കുഴിയടക്കല്‍ നടപടി മുടങ്ങി. അടുത്തിടെ കുഴി അടയ്ക്കാന്‍ 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ തുക കുറവായതിനാല്‍ ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകാതിരുന്നതിനാല്‍ പ്രവൃത്തി മുടങ്ങുകയായിരുന്നു. 

ജൂലൈ ഒമ്പതിനാണ് ഉപ്പള നയാബസാറില്‍ ട്രാവലർ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചത്.  കര്‍ണാടക തലപ്പാടി അജ്ജിനടുക്കയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തുമ്മ (72), മക്കളായ നസീമ(30), നസീമയുടെ മകള്‍ ഫാത്തിമ (11 മാസം), ബീഫാത്തുമ്മയുടെ മറ്റൊരു മകള്‍ അസ്മ (28), അസ്മയുടെ ഭര്‍ത്താവ് ഇംതിയാസ് (38), ബീഫാത്തുമ്മയുടെ മറ്റൊരു മകളായ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ്(38) എന്നിവരാണ് മരിച്ചത്. 14 നാണ് ഉപ്പള ടൗണിന് സമീപം ബൈക്ക് ഗട്ടറില്‍ വീണുണ്ടായ അപകടത്തില്‍ കര്‍ണാടക ഹാവേരി സ്വദേശി വിരുബാഷപ്പ (45) മരിച്ചിരുന്നു.  അപകട പരമ്പരയില്‍ ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം അടുക്കത്ത്ബയലില്‍ നടന്ന കൂട്ടവാഹന അപകടം. 

ചൗക്കി സ്വദേശികളായ റജീസ്-മസൂമ ദമ്പതികളുടെ മക്കളായ ഇബ്രാഹിം ഷാസില്‍ (7), മുഹമ്മദ് മിന്‍ഹാജ് (5) എന്നിവരാണ് അന്ന് മരിച്ചത്. റോഡപകടങ്ങളിലെ മരണനിരക്ക് കൂടിയപ്പോള്‍ അധികൃതർ ധൃതി പിടിച്ചു കുഴിയടക്കാൻ മുന്നോട്ടു വന്നത് പ്രധിഷേധത്തിനിടയാക്കി. ദേശീയപാതയിൽ കുഴികൾ നിറഞ്ഞു അപകടം പതിവാകുന്നതിൽ പ്രതിഷേധിച്ച് എൻ .എ.നെല്ലിക്കുന്ന് എം.എൽ എ യുടെ നേതൃത്വത്തിൽ  പൊതുമരാമത്ത് എക്സികുട്ടീവ് ഓഫീസറെ ഉപരോധിച്ചു. സഹോദരങ്ങളായ രണ്ട് കുരുന്നുകള്‍ മരണപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത അടുക്കത്തുബയല്‍ അപകടത്തിന് കാരണം ദേശീയപാത അധികൃതരുടെ നിസംഗതയാണെന്ന് ആരോപിച്ചായിരുന്നു ഉപരോധം. 
 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ