നഴ്‌സുമാരുടെ സമരം; യുഎന്‍എയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നാളെ

Web Desk |  
Published : May 15, 2018, 04:55 PM ISTUpdated : Jun 29, 2018, 04:22 PM IST
നഴ്‌സുമാരുടെ സമരം; യുഎന്‍എയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നാളെ

Synopsis

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം

തൃശൂര്‍: ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ 112-ഓളം നഴ്‌സുമാര്‍ 268 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നാളെ. രാവിലെ 11ന് സെന്‍ട്രല്‍ സ്‌റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ പതിനായിരത്തോളം നഴ്‌സുമാര്‍ അണിനിരക്കും. ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും പുതുക്കിയ വിജ്ഞാപനത്തില്‍ വെട്ടിക്കുറച്ച അലവന്‍സുകള്‍ പുനഃസ്ഥാപിക്കണമെന്നും മാര്‍ച്ചിലൂടെ യുഎന്‍എ ആവശ്യപ്പെടുന്നു. മാര്‍ച്ച് യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷ ഉദ്ഘാടനം ചെയ്യും.

2013ലെ മിനിമം വേജ് നടപ്പാക്കണമെന്നും ത്രീ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും പിഎഫ്, ഇഎസ്‌ഐ ഉള്‍പ്പടെ നിയമാനുസരണമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് 10 മാസത്തിനടുത്തായി ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നത്. തൊഴില്‍ വകുപ്പ് അധികൃതരും ആലപ്പുഴ ജില്ലാ ഭരണകൂടവും ആലപ്പുഴയില്‍ നിന്നുള്ള മന്ത്രിമാരായ ഡോ.തോമസ് ഐസകും പി.തിലോത്തമനും വിഷയത്തില്‍ ഇടപെട്ടിരുന്നു. മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചകളിലടക്കം നിഷേധാത്മകമായ നിലപാടുമായാണ് കെ.വി.എം മാനേജ്‌മെന്റ് മുന്നോട്ട് പോയത്.

മഹാഭൂരിപക്ഷം സ്ത്രീകളാണ് കെ.വി.എമ്മിലെ നഴ്‌സുമാര്‍. ഇതില്‍ ഏറെ പേരുടെയും കുടുംബങ്ങള്‍ മുഴുപട്ടിണിയിലാണ്. മറ്റു ആശുപത്രികളിലെ നഴ്‌സുമാര്‍ നല്‍കുന്ന ചെറിയ സഹായങ്ങളാണ് ഇപ്പോള്‍ ആശ്വാസം. അടുത്ത അദ്ധ്യയ വര്‍ഷം ആരംഭിക്കാനിരിക്കെ സമരത്തിലുള്ള ഭൂരിപക്ഷം നഴ്‌സുമാരും ദുരിതത്തിലാണ്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നിവേതനം നല്‍കിയിരുന്നു.

2017 ജൂലൈ 20ന് നഴ്‌സുമാരോടും ആശുപത്രി മാനേജ്‌മെന്റുകളോടും പരസ്പരം പ്രതികാര നടപടികളും പ്രസ്താവനകളും പാടില്ലെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ.വി.എം ആശുപത്രിയിലും കോട്ടയം ഭാരത് ആശുപത്രിയിലും തൃശൂര്‍ അശ്വനി ആശുപത്രിയിലും നഴ്‌സുമാരെ പിരിച്ചുവിട്ടത്. കെ.വി.എമ്മിലെ നടപടി പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് ഇപ്പോഴും വെല്ലുവിളി തുടരുകയാണ്. ഇതോടൊപ്പം തിരുവനന്തപുരം ക്രഡന്‍സ് ആശുപത്രിയിലെ 24 നഴ്‌സുമാരെ പുറത്താക്കി അവിടത്തെ മാനേജ്‌മെന്റും തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ചു. തൊഴില്‍ വകുപ്പ് ഇടപെട്ടെങ്കിലും ക്രഡന്‍സിലും നടപടി പിന്‍വലിച്ചിട്ടില്ല.

ഇതിനിടയില്‍ കെ.വി.എം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതുവരെ നടന്ന ചര്‍ച്ചകളിലെല്ലാം ആശുപത്രി നടത്തിപ്പ് നഷ്ടത്തിലാണെന്ന വാദമാണ് മാനേജ്‌മെന്റ് നിരത്തുന്നത്. അക്കാരണത്താല്‍ നഷ്ടത്തിലുള്ള ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്ന ഹര്‍ജിയില്‍ യുഎന്‍എയും കക്ഷിചേര്‍ന്നിട്ടുണ്ട്. കോടതി വിധിക്കുമുമ്പേ തന്നെ സര്‍ക്കാര്‍ കെ.വി.എം ആശുപത്രി ഏറ്റെടുക്കുകയോ സമരം തീര്‍പ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുകയോ വേണമെന്നാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലൂടെ യുഎന്‍എ ആവശ്യപ്പെടുന്നത്.
 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ