
കോഴിക്കോട്: രോഗം ചികിത്സിച്ച് മാറ്റാനാണ് നിങ്ങൾ മെഡിക്കൽ കോളേജിലെത്തുന്നതെങ്കിൽ ഇവിടുത്തെ സാഹചര്യം അതിന് അനുവദിക്കില്ല. പരന്നൊഴുകുന്ന മാലിന്യത്തിൽ നിന്നും വമിക്കുന്ന ദുർഗന്ധം നിങ്ങളെ രോഗികളാക്കും എന്ന കാര്യം ഉറപ്പാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്നവർക്കാണ് മലിനജലം റോഡിലേക്ക് ഒഴുകിയെത്തുന്നത് ദുരിതമാകുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നവർ മലിനജലം ചവിട്ടി നടക്കാൻ നിർബന്ധിതരാകുകയാണ്. അത്യാഹിതവിഭാഗത്തിലേക്ക് കടക്കുന്ന റോഡിലാണ് മലിനജലം ഓടയിലൂടെയല്ലാതെ പരന്നൊഴുകുന്നത്.
ഈ റോഡിൽ തന്നെ വാഹനങ്ങൾ പാർക്ക്ചെയ്യുന്നതിനാൽ മലിനജലം ഒഴുകുന്നത് മനസിലാകാന്‍ സാധിക്കില്ല. മലിനജലം കൊണ്ട്പോകുന്ന പൈപ്പ് തകർന്നാണ് റോഡിലേക്കൊഴുകുന്നത്. റോഡിന് താഴ്ചയായതിനാൽ താഴെയുള്ള ഡെന്‍റൽ കോളേജ് വരെ മലിനജലം പരന്നൊഴുകുകയാണ്. മലിന ജലം ചവിട്ടിക്കടന്നാണ്സൗജന്യഉച്ചഭക്ഷണം വിതരണകേന്ദ്രത്തിലേക്കും കടന്നുപോകേണ്ടത് .
ഭക്ഷണവിതരണഹാളിലും മലിനജലം എത്താനും ഇത്കാരണമാകുന്നുണ്ട്. നിരവധി തവണ മാലിന്യപ്രശ്നത്തിനെ കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയായില്ലെന്ന് പ്രദേശവാസികളും രോഗികളും പറയുന്നത്. വലിയ ദുർഗന്ധത്തോടെയാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. പലപ്പോഴും അറ്റകുറ്റ പ്രവൃത്തികൾക്കെന്ന പേരിൽ വലിയ തുക വാങ്ങി ലീക്ക് അടച്ചുപോകുന്ന പ്രവണതയാണുള്ളതെന്നും ഇവർ പറയുന്നു. ഇതാകട്ടെ ദിവസങ്ങൾക്കുള്ളിൽ പൈപ്പുകൾ പൊട്ടി ഒലിക്കാനും കാരണമാകുന്നതായാണ് പരാതി.