പ്രതികൂല കാലാവസ്ഥയില്‍ വിറങ്ങലിച്ച് തോട്ടം മേഖല

Web Desk |  
Published : Jul 16, 2018, 02:22 PM ISTUpdated : Oct 04, 2018, 03:02 PM IST
പ്രതികൂല കാലാവസ്ഥയില്‍ വിറങ്ങലിച്ച് തോട്ടം മേഖല

Synopsis

ഭൂമി മഴ പെയ്ത് നനഞ്ഞ് കുതിര്‍ന്നതോടെ മലയോരങ്ങളില്‍ താമസിക്കുന്നവര്‍ ഏതു നിമിഷവും അപകടം ഉണ്ടാകാവുന്ന സ്ഥിതിയിലാണ്.

മൂന്നാര്‍: കഴിഞ്ഞ ഒരാഴ്ചയായി തോരാതെ പെയ്തിറങ്ങുന്ന മഴയും ആഞ്ഞടിക്കുന്ന കാറ്റും തോട്ടം മേഖലയിലും മൂന്നാറിന്‍റെ പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തി. കനത്ത മഴ മൂലം മുതിരപ്പുഴയാര്‍ കവിഞ്ഞതോടെ പഴയ മൂന്നാറിലുള്ള ഹെഡ് വര്‍ക്‌സ് ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറക്കേണ്ടി വന്നു. റോഡുകളില്‍ വെള്ളം കയറിയതോടെ യാത്രക്കാരും വാഹനങ്ങളും ബുദ്ധിമുട്ടിലായി. 

ഭൂമി മഴ പെയ്ത് നനഞ്ഞ് കുതിര്‍ന്നതോടെ മലയോരങ്ങളില്‍ താമസിക്കുന്നവര്‍ ഏതു നിമിഷവും അപകടം ഉണ്ടാകാവുന്ന സ്ഥിതിയിലാണ്. വീശിയടിക്കുന്ന കാറ്റില്‍ റോഡരികില്‍ നില്‍ക്കുന്ന മരങ്ങള്‍ അപകടഭീഷണിയുയര്‍ത്തുകയാണ്. മൂന്നാറില്‍ നിന്നും സൈലന്‍റ്വാലി റോഡിലേയ്ക്ക് പോകുന്ന വഴിയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിഞ്ഞതോടെ മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ ഇതിന് മുകളിലായുള്ള കെട്ടിടങ്ങള്‍ അപകടനിഴലിലായി. 

കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയില്‍ പഴയ മൂന്നാറില്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് സമീപം വെള്ളമുയര്‍ന്നതോടെ വാഹനങ്ങള്‍ കടന്ന് പോകുവാന്‍ നന്നേ ബുദ്ധിമുട്ടി. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള റോഡുകളില്‍ അങ്ങിങ്ങായി മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. മരങ്ങള്‍ വീണ റോഡുകളില്‍ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ച് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. 

കൈത്തോടുകള്‍ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതോടെ മൂന്നാറില്‍ ഇക്കാനഗര്‍ പോലുള്ള സ്ഥലങ്ങളിലെ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. മുതിരപ്പുഴയില്‍ വെള്ളമുയര്‍ന്നതോടെ പഴയ മൂന്നാറിലെ ഹെഡ് വര്‍ക്‌സ് ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു വിട്ടെങ്കിലും പഴയ മൂന്നാറില്‍ വെള്ളപ്പൊക്ക ഭീഷണിയൊഴിഞ്ഞിട്ടില്ല. 

കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപത്തുള്ള വന്‍മരങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് വെള്ളമുയര്‍ന്നിട്ടുണ്ട്. മഴ നില്‍ക്കാതെ പെയ്യുന്ന പക്ഷം ഇവിടെ ഇനിയും വെള്ളം ഉയരുവാനുള്ള സാധ്യതയുണ്ട്.  അടുത്ത കാലത്തൊന്നും കാണാത്ത രീതിയില്‍ മഴ തിമിര്‍ക്കുമ്പോള്‍ മൂന്നാര്‍ നിവാസികളുടെയും എസ്‌റ്റേറ്റ് തൊഴിലാളികളുടെയും മനസ്സില്‍ ഭീതിയുടെ പേമാരി പെയ്തിറങ്ങുകയാണ്. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ