
കോഴിക്കോട്: അംഗപരിമിതരുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് ശ്രദ്ധയിൽപ്പെടുത്താന്‍ വാഹനാപകടത്തിൽ ശരീരം തളർന്ന് പോയ പ്രജിത്ത് ജയപാൽ ദില്ലിയിലേയക്ക് വാഹനം ഓടിക്കുന്നു. പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക, ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കാനാണ് പ്രജിത്ത് ഡൽഹിലേക്ക് കാറോടിച്ച് പോകുന്നത്.
കോഴിക്കോട് ചേവരമ്പലം സ്വദേശിയായ പ്രജിത്ത് ജയപാലിന് 2011 ഏപ്രിൽ ഒന്നിന് തൊണ്ടയാട് ഉണ്ടായ വാഹനാപകടത്തിലാണ് നട്ടെല്ലിന് ക്ഷതമേറ്റ് ശരീരം തളർന്നത്. രണ്ട് വർഷം തുടർച്ചയായ ആയൂർവേദ ചികിത്സയിലൂടെയാണ് ശരീരത്തിന് ചെറിയ മാറ്റം വരുന്നത്. പിന്നീട് സാമൂഹ്യമാധ്യമങ്ങളിലൂടെ സൗഹൃദകൂട്ടായ്മകളിൽ സജീവമായി. വീൽചെയറിലായെങ്കിലും സുഹൃത്തുക്കൾക്കൊപ്പം ചെറുയാത്രകൾ നടത്തിയിരുന്ന പ്രജിത്തിന്‍റെ നിശ്ചയദാർഢ്യമാണ് ഡൽഹിയിലേക്ക് സ്വയം കാറോടിച്ച് പോകാൻ പ്രേരിപ്പിച്ചത്. ഏഴ് വർഷം മുൻപുള്ള ഏപ്രിൽ ഒന്നാണ് തന്നെ തളർത്തിയത്. തനിക്ക് ദുരന്തം പിണഞ്ഞതിന്‍റെ എഴാം വാര്‍ഷിക ദിനമായ വരുന്ന ഏപ്രിൽ ഒന്നിനാണ് ഡൽഹിയിലേക്ക് യാത്ര തുടങ്ങാൻ പ്രജിത്തിന്‍റെ പദ്ധതി. വെള്ളിമാട്കുന്ന് ജെഡിറ്റി ഇസ്‌ലാം കോളെജിൽ നിന്നും പുറപ്പെടുന്ന യാത്ര ജൂൺ 15ന് സമാപിക്കും.
ഡ്രൈവ് ടു ഡൽഹി എന്ന പേരിട്ടിരിക്കുന്ന യാത്രയുടെ വിളംബരം ഇന്നലെ കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ ഡോ. എം.കെ. മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആത്മവിശ്വാസത്തിന്‍റെ കരുത്തിന് മുന്നില്‍ ഒന്നും തടസമല്ലെന്ന സന്ദേശമാണ് പ്രജിത്തില്‍ നിന്ന് സമൂഹത്തിന് ലഭിക്കുന്നത്. അംഗപരിമിതര്‍ക്കും നിരാശയുടെ ചക്രക്കസേരയില്‍ ചുരുങ്ങിപ്പോയവര്‍ക്കും വലിയ ആവേശമായി പ്രജിത്തിന്‍റെ യാത്ര മാറട്ടെയെന്ന് മുനീര്‍ ആശംസിച്ചു.